കോഴിക്കോട്:‘‘എന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന് സത്യം ചെയ്യ്... എന്നും ഞാൻ നിന്റെ കൂടെയുണ്ടാകും...’’ അങ്ങനെ ഒത്തിരിയൊത്തിരി പ്രോമിസുകൾ മുഴങ്ങുന്നുണ്ട് ആ ഇടവഴിയിൽ. കൂട്ടിവെച്ച ഓർമ്മകൾ പൂട്ടിയിട്ട് സൂക്ഷിക്കാൻ കൈകൾ കോർത്ത് കഥകൾ പറഞ്ഞ് അവർ അവിടെയെത്തും. ദൂരേക്ക് നോക്കി ഒരുമിച്ചുകണ്ട സ്വപ്നങ്ങൾ എണ്ണിപ്പറയും. പരസ്പരം ചേർത്തുപിടിച്ച് നമ്മളൊന്നാണെന്ന് ഊട്ടിയുറപ്പിക്കും.

To advertise here,

അതുവരെ പറഞ്ഞുതീർത്ത കഥകൾക്ക് തത്കാലം വിരാമമിട്ടുകൊണ്ട് കൈകളിലുള്ള ഓർമ്മപ്പൂട്ടുകൾ ഇരുമ്പുകമ്പികളിൽ താഴിട്ടുപൂട്ടും. തങ്ങളുടെ ഓർമ്മകൾക്കും സന്തോഷങ്ങൾക്കും കണ്ണ് പറ്റാത്തിരിക്കാൻ ആ താക്കോൽ ഒാളങ്ങളുടെ ആഴത്തിലേക്ക് വലിച്ചെറിയും.

അങ്ങ് പാരീസിലെ ലൗ ലോക്ക് ബ്രിഡ്ജിലെ പ്രണയത്താഴുകളുടെ കഥ നമുക്കെന്നും കേൾക്കാനിഷ്ടമാണ്. എന്നാൽ, അങ്ങനെയൊരു ഇടം നമ്മുടെ മാനാഞ്ചിറയിലുമുണ്ട്. പ്രണയം താഴിട്ടുപൂട്ടുന്ന ചിറയ്ക്ക്. വൈകുന്നേരങ്ങളിൽ മിണ്ടിപ്പറഞ്ഞിരിക്കാൻ ആളുകൾ കൂട്ടമായെത്തുന്ന മാനാഞ്ചിറയിൽ പ്രണയത്തിന്റെ ഓർമ്മകൾ കൊരുത്തിടുന്ന ഇരുമ്പുകമ്പികൾ കാണാൻതന്നെ കൗതുകമാണ്. പ്രണയിതാക്കളെത്തി തങ്ങളുടെ പേരുകൾ കൊത്തിയ പൂട്ടുകൾ ചിറയ്ക്കടുത്തുളള കമ്പികളിൽവെച്ച് പൂട്ടും. താക്കോൽ ചിറയിലേക്ക് വലിച്ചെറിയും, മറ്റു ചിലർ താക്കോൽ സൂക്ഷിച്ചുവെക്കും. വർഷങ്ങൾക്കുശേഷം താക്കോലുമായി വീണ്ടും ഇവിടെയെത്തി മറ്റൊരു മധുരനിമിഷം സൃഷ്ടിക്കാമല്ലോയെന്ന വിശ്വാസത്തിൽ.

പൂട്ടും താക്കോലും എങ്ങനെ പ്രണയത്തിൽപ്പെട്ടുവെന്ന് സംശയിക്കുന്നവർ നദയെയും നെൽജയെയുംപ്പറ്റി അറിയണം. ഒന്നാംലോകയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്തുണ്ടായ ഒരു സെർബിയൻ പ്രണയകഥ. സ്കൂൾ ടീച്ചറായ നദയും പട്ടാളക്കാരനായ നെൽജയും സെർബിയൻ പട്ടണമായ വേർണ്യാക ബാന്യയിലെ ഒരു പാലത്തിൽവെച്ചാണ് തങ്ങളുടെ പ്രണയം പറയുന്നത്. എന്നാൽ, യുദ്ധത്തിനായി നെൽജയ്ക്ക് ഗ്രീസിലേക്ക് പോകേണ്ടിവന്നു. അയാൾ ഗ്രീസിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. ഇതറിഞ്ഞ നദ ഹൃദയംതകർന്ന് മരിച്ചു. നദയുടെ പ്രണയത്തകർച്ച നാടാകെ അറിഞ്ഞു.

നദയുടെ അവസ്ഥ മറ്റാർക്കും വരാതിരിക്കാൻ, പ്രണയം തകരാതിരിക്കാൻ മറ്റുള്ളവർ പാലത്തിന്റെ കൈവരികളിൽ പേരുകളെഴുതിയ പൂട്ടിടാൻ തുടങ്ങി. ഇറ്റാലിയൻ എഴുത്തുകാരൻ ഫെഡ്രിക് മോച്ചയുടെ ‘ഐ വാണ്ട് യു’ എന്ന പുസ്തകത്തിൽ വടക്കൻ റോമിലെ ലൗ ലോക്കുകളെപ്പറ്റിപറയുന്നുണ്ട്. പുസ്തകം ഹിറ്റായതിനുശേഷം ലൗ ലോക്കും ലോകത്തിന്റെ പലയിടത്തും ഹിറ്റായിമാറി.

പലയിടത്തും പ്രണയപ്പൂട്ടുകൾ പ്രണയം തകരാതിരിക്കാനുളള പ്രാർഥനയാണെങ്കിൽ മാനാഞ്ചിറയിലെ പ്രണയപ്പൂട്ടുകൾ സ്വരൂക്കൂട്ടിവെച്ച നിമിഷങ്ങൾ പൂട്ടിവെക്കുന്ന ഇടമാണ്. പിന്നീട് എപ്പോഴെങ്കിലുംവന്ന് ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പറ്റുന്ന പ്രണയവീഥി. ഭാരം താങ്ങാനാവാത്തതിനാൽ പാരീസിലെ ലൗ ലോക്ക് ബ്രിഡ്ജിൽ ഇപ്പോൾ ആർക്കും പ്രണയപ്പൂട്ടിടാനാകില്ല. എന്നാൽ, പാരീസിനെയും നദയെയും ഓർത്ത് കോഴിക്കോട്ടെ പ്രണയിതാക്കൾ മാനാഞ്ചിറയിൽ ഇപ്പോഴും പൂട്ടിടുന്നുണ്ട്. അവന്റെ സ്നേഹത്തിന്റെ താക്കോൽ എന്റെ കൈയിലാണെന്ന് സമാധാനിച്ച് അവളും നമ്മുടെ സ്നേഹം പൂട്ടിട്ട് ഭദ്രമാക്കിയെന്നോർത്ത് അവനും വൈകുന്നേരങ്ങളിൽ മാനാഞ്ചിറയുടെ പടിയിറങ്ങാറുണ്ട്....