സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുഛൽ വീണ്ടും വിവാദത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയതിന്‍റെ പേരിലാണ് ഇതിന് മുമ്പ് പലാഷ് വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ പലാഷിനെതിരെ പുതിയ തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നുവരികയാണ്. ഒരു സിനിമയുമായി ബന്ധപ്പെട്ട് പലാഷ് 40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുള്ള നടനും നിർമാതാവുമായ വിജ്ഞാൻ മാനെയാണ് പലാഷ് മുഛലിനെതിരെ പരാതി നൽകിയത്. 'നസാരിയ' (Nazaria) എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്നെ കബളിപ്പിച്ചു എന്നാണ് ആരോപണം. സാംഗ്ലി പോലീസ് സൂപ്രണ്ടിന് നൽകിയ അപേക്ഷയിൽ പലാഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2023 ഡിസംബർ 5-ന് സാംഗ്ലിയിൽ വെച്ചാണ് പലാഷും വിജ്ഞാനും കണ്ടുമുട്ടിയത്. സിനിമാ നിർമാണത്തിന് താത്പര്യം പ്രകടിപ്പിച്ച തന്നോട് പലാഷ് നസാരിയ എന്ന ചിത്രത്തിന്റെ നിർമാതാവാൻ നിർദേശിച്ചതായി വിജ്ഞാൻ പരാതിയിൽ പറയുന്നു. 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നതോടെ 12 ലക്ഷം രൂപ വരെ ലാഭം ലഭിക്കുമെന്ന് പലാഷ് ഉറപ്പുനൽകിയതായും വിജ്ഞാൻ ആരോപിക്കുന്നു. കൂടാതെ ചിത്രത്തിൽ ഒരു വേഷവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു.

പിന്നീടുള്ള ചർച്ചകൾക്ക് ശേഷം 2025 മാർച്ച് മാസത്തോടുകൂടി വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ താൻ പലാഷിന് കൈമാറിയെന്നും വിജ്ഞാൻ പറയുന്നു. എന്നാൽ സിനിമയുടെ നിർമാണം പൂർത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതികരണമൊന്നുമുണ്ടായില്ല. ഇതേ തുടർന്നാണ് പോലീസിനെ സമീപിച്ചത്.

നിലവിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്രേയസ് തൽപഡെയെ നായകനാക്കി പലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കുള്ളിലാണ് ഈ പുതിയ വിവാദം.

കഴിഞ്ഞ വർഷം ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയത് വലിയ വാർത്തയായിരുന്നു. സ്മൃതിയുടെ പിതാവിന് അസുഖം ബാധിച്ചതിനെത്തുടർന്ന് വിവാഹ ചടങ്ങുകൾ മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് വിവാഹം റദ്ദാക്കിയ വിവരം സ്മൃതി തന്നെ സ്ഥിരീകരിച്ചു. എന്നാൽ പലവിധ അഭ്യൂഹങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു.

"എനിക്ക് ഏറ്റവും പവിത്രമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നത് കാണുന്നത് വളരെ പ്രയാസകരമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എന്റെ വിശ്വാസങ്ങൾ മുറുകെപ്പിടിച്ച് ആ അന്തസ്സോടെ തന്നെ ഞാൻ ഇതിനെ നേരിടും." എന്നായിരുന്നു ഇതിനോടുള്ള പലാഷിന്റെ പ്രതികരണം.