ന്ത്യയിലെ വലിയ നഗരങ്ങളിലെ പതിവ് കാഴ്ചയാണ് ഗതാഗതക്കുരുക്ക്. അതുപോലെ മലിനീകരണം, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം എന്നിവയെല്ലാം വൻകിടനഗരങ്ങളുടെ തലവേദനയാണ്. എന്നാൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരം ഇങ്ങനെയൊന്നുമല്ലെന്നാണ് പ്രേം സോണി എന്ന യുവാവ് പറയുന്നത്. സാമൂഹികമാധ്യമമായ എക്‌സിൽ രസകരമായ രീതിയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോസ്റ്റ് ഇതിനകം വൈറലായി.

To advertise here,

'അഹമ്മദാബാദ് ഒരു പ്രതീക്ഷയ്ക്കും വക നൽകാത്ത ടിയർ 2 നഗരമാണ്. ദയവായി ആരും ഇങ്ങോട്ടേക്ക് താമസം മാറി വരരുത്. ഇവിടെ ജീവിക്കുക എന്നത് തീർത്തുമൊരു പേടിസ്വപ്‌നമാണ്.' -പ്രേം സോണി കുറിപ്പ് തുടങ്ങിയത് ഇങ്ങനെയാണ്. തുടർന്നാണ് എന്തുകൊണ്ടാണ് അഹമ്മദാബാദ് 'ജീവിക്കാൻ കൊള്ളാത്ത' നഗരമാകുന്നത് എന്ന് അക്കമിട്ട് അദ്ദേഹം വിശദീകരിക്കുന്നത്.

'അഡ്രിനാലിൻ ഇല്ലാത്ത നഗരം: പുലർച്ചെ രണ്ട് മണിക്ക് സ്ത്രീകൾ ഐസ്‌ക്രീം കഴിച്ചുകൊണ്ട് ഭയരഹിതരായി കറങ്ങിനടക്കുന്നു. അതിജീവനത്തിന്റെ ത്രിൽ എവിടെ?' -ഇതാണ് അദ്ദേഹത്തിന്റെ ആദ്യ പോയിന്റ്.

'ഭാഷാഭിമാനം ഇല്ലാത്ത നാട്: നിങ്ങൾ ഗുജറാത്തി ഭാഷ സംസാരിക്കുന്നില്ലെങ്കിൽ ആരും നിങ്ങളെ ഭീഷണിപ്പെടുത്തുകയോ നിങ്ങളുടെ കടയുടെ ബോർഡ് തകർക്കുകയോ ചെയ്യില്ല. അവർ മുറിഹിന്ദിയിൽ നിങ്ങൾക്ക് മറുപടി നൽകും. ഭാഷയോട് അഭിനിവേശമില്ലാത്തവർ.' -രണ്ടാമതായി പ്രേം പറഞ്ഞു.

'ട്രാഫിക്ക് ട്രോമ ഇല്ല: വിശാലമായ റോഡുകളാണ് ഇവിടെ. നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് 20 മിനിറ്റ് കൊണ്ട് എത്തുന്ന രീതിയിലാണ് ഇതെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഞാൻ എങ്ങനെ എന്റെ ഓഡിയോ ബുക്കുകൾ കേട്ട് തീർക്കും? മൂന്ന് മണിക്കൂർ വാഹനങ്ങൾ മുട്ടിയുരുമ്മിയുള്ള യാത്ര ഇല്ലാതെ എങ്ങനെ ജീവിതത്തിലെ തീരുമാനങ്ങൾ ആലോചിക്കും?' -പ്രേം തുടർന്നു.

'ആരെങ്കിലും നിങ്ങളുടെ വണ്ടിയിൽ അവരുടെ വണ്ടി കൊണ്ടുവന്ന് ഇടിച്ചാൽ ഹോക്കി സ്റ്റിക്കുമായി ഇറങ്ങുന്നതിന് പകരം ക്ഷമ പറയുന്നു. തെരുവിൽ അടി പൊട്ടുന്നില്ല. 'എന്റെ ഡാഡി ആരാണെന്ന് നിനക്ക് അറിയില്ല' എന്നത് പോലുള്ള ആക്രോശങ്ങളില്ല. കഷ്ടം!' -ഇതായിരുന്നു പ്രേമിന്റെ അടുത്ത 'പ്രശ്‌നം'!

'അധോലോക മയക്കുമരുന്ന് സംഘങ്ങളോ 'ഉഡ്താ പഞ്ചാബ്' വൈബോ ഇവിടെ ഇല്ല. വളരെ ബോറിങ്ങായ, സുരക്ഷിതമായ, ശാന്തമായ കുടുംബങ്ങളാണ് എല്ലായിടത്തും. സത്യസന്ധമായി പറയട്ടെ, ഇത് തകർക്കാൻ കഴിയില്ല. അതിനാൽ ഇതെല്ലാമുള്ള നിങ്ങളുടെ മെട്രോ നഗരങ്ങളിൽ തന്നെ തുടരുക. ജീവിതത്തിന്റെ പാതിയും ഗതാഗതക്കുരുക്കിൽ ചെലവഴിച്ച്, മധുരിതമായ 1000 എക്യുഐ വായു ശ്വസിച്ച് അവിടെ തന്നെ തുടരുക' -പ്രേം സോണി കുറിപ്പ് അവസാനിപ്പിച്ചു.

ചുരുങ്ങിയ സമയം കൊണ്ട് പ്രേം സോണിയുടെ 'സർക്കാസം പോസ്റ്റ്' വൈറലായി. എന്നാൽ പ്രേം പറയുന്ന കാര്യങ്ങൾ പലതും വാസ്തവ വിരുദ്ധമാണെന്ന് ഒട്ടേറെപേർ കമന്റുകളിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം ശരിയാണെങ്കിൽ അഹമ്മദാബാദിലുള്ള നിരവധി പേർ എന്തിനാണ് മുംബൈയിൽ വന്ന് താമസിക്കുന്നത് എന്ന് പലരും ചോദിച്ചു. പ്രേം പറഞ്ഞ 90 ശതമാനം കാര്യങ്ങളും കള്ളമാണെന്നാണ് ഒരാൾ കമന്റിട്ടത്.