
വയസ് റിവേഴ്‌സ് ഗിയറില്‍ പോകുന്ന വനിത എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. ബോളിവുഡ് താരത്തെ അനുസ്മരിപ്പിക്കുന്ന നിത അംബാനിയുടെ വയസ് അധികമാര്‍ക്കും അറിയില്ല. അറിയുന്നവരാകട്ടെ അത് വിശ്വിക്കാന്‍ കൂട്ടാക്കുകയുമില്ല. കാരണം അത്ര കര്‍ശനമായാണ് തന്റെ ഫിറ്റ്‌നസ് നിത അംബാനി കാത്തുസൂക്ഷിക്കുന്നത്.
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ജീവിതപങ്കാളി കൂടിയായ നിത 61-കാരിയാണ്. എന്നാല്‍ അവരെ കണ്ടാല്‍ അതിന്റെ പാതി പോലും പ്രായം തോന്നിക്കില്ലെന്നാണ് പലരും പറയുക. എന്താണ് ഇതിന് പിന്നിലെ രഹസ്യം? വനിതാദിനത്തില്‍ നിത പങ്കുവെച്ച വീഡിയോ ഈ രഹസ്യം വെളിപ്പെടുത്തുന്നതാണ്. തന്റെ ഫിറ്റ്‌നസ് എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന് നിത അംബാനി വീഡിയോയില്‍ വിശദീകരിക്കുന്നു.
നിങ്ങള്‍ അവസാനമായി നിങ്ങള്‍ക്കുവേണ്ടി മാത്രം എന്തെങ്കിലും ചെയ്തത് എപ്പോഴാണ് എന്ന് സ്ത്രീകളോട് ചോദിച്ചുകൊണ്ടാണ് നിത അംബാനിയുടെ വീഡിയോ ആരംഭിക്കുന്നത്. 'സ്ത്രീകള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും സ്വയം തനിക്ക് അവസാന പരിഗണന നല്‍കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തേയും ശരീരത്തേയും കാത്തുസൂക്ഷിക്കുക എന്നത് സുപ്രധാനമാണ്. പ്രത്യേകിച്ച് 50-കളിലും 60-കളിലും.' -നിത പറഞ്ഞു.
'സ്ത്രീകള്‍ 30 കടന്നാല്‍ പിന്നെ ഓരോ പത്ത് വര്‍ഷത്തിലും മൂന്ന് മുതല്‍ എട്ട് ശതമാനം വരെ മസില്‍ മാസ് നഷ്ടപ്പെടും. പ്രായം ചെല്ലുന്തോറും ഇത് കൂടുതലാകും. നമുക്ക് മസിലുകളും അസ്ഥിസാന്ദ്രതയും സന്തുലിതാവസ്ഥയും കരുത്തുമെല്ലാം നഷ്ടപ്പെടും.' -നിത അംബാനി തുടര്‍ന്നു. ഇതിനുശേഷമാണ് തന്റെ ഫിറ്റ്‌നസ് രഹസ്യം അവര്‍ പങ്കുവെച്ചത്.
'കാലുകള്‍ക്കായുള്ള വ്യായാമം ചെയ്യുന്ന ദിവസമാണ് എനിക്ക് പ്രിയപ്പെട്ടത്. ഒരു നര്‍ത്തകിയുടെ കരുത്തുറ്റ കാലുകളാണ് എനിക്കുള്ളത്. ആറ് വയസ് മുതല്‍ ഞാന്‍ ഭരതനാട്യം പരിശീലിക്കുന്നുണ്ട്. കാലിന് മാത്രമല്ല, ശരീരത്തിന്റെ മേല്‍ഭാഗം, പുറംഭാഗം എന്നിങ്ങനെ ഓരോ ദിവസവും ഓരോ ശരീരഭാഗം കേന്ദ്രീകരിച്ചാണ് വ്യായാമം. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം മുടങ്ങാതെ വ്യായാമം ചെയ്യും.'
ചില ദിവസങ്ങളില്‍ നന്നായി നീന്തും. അതുപോലെ വെള്ളത്തില്‍ നിന്നുള്ള വ്യായാമങ്ങളുമുണ്ട്. ഒരു മണിക്കൂര്‍ നേരം നൃത്തം ചെയ്യും. ചില ദിവസങ്ങളില്‍ 5,000 മുതല്‍ 7,000 ചുവടുകൾവരെ നടക്കും. -നിത അംബാനി പറഞ്ഞു.
തുടര്‍ന്നാണ് അവര്‍ തന്റെ ഭക്ഷണശീലങ്ങളിലേക്ക് കടന്നത്. താനൊരു സസ്യാഹാരിയാണെന്ന് നിത അംബാനി പറയുന്നു. പ്രകൃതിദത്തമായ ഭക്ഷണമാണ് കഴിക്കാറ്. പഞ്ചസാരയും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളും പൂര്‍ണമായി ഒഴിവാക്കി. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. -നിത വ്യക്തമാക്കി.
'വ്യായാമം എനിക്ക് സമാധാനമേകുന്നു. ദിവസം മുഴുവന്‍ പോസിറ്റീവായിരിക്കാന്‍ അത് സഹായിക്കും. കൂടാതെ സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും പിരിമുറുക്കം ഇല്ലാതാക്കുകയും ചെയ്യും. വലിയ ഭാരം എടുത്തുയര്‍ത്തണമെന്നല്ല, മറിച്ച് സ്റ്റാമിനയോടെ ഊര്‍ജ്ജസ്വലരായിരിക്കണം. എന്നെ സംബന്ധിച്ച് എന്റെ കൊച്ചുമക്കളെ എടുത്തുയര്‍ത്തുക എന്നതാണ് കാര്യം. അവരുടെ വേഗത്തിനൊപ്പം ഞാനുമെത്തുന്നു. പ്രായത്തിനോട് യുദ്ധം ചെയ്യുകയല്ല ഇത്.'
'61-ാം വയസില്‍ എനിക്ക് ഇത് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും. സമയമെടുക്കൂ. സ്വയം നിങ്ങള്‍ക്ക് മുന്‍ഗണന നല്‍കൂ. ആഴ്ചയില്‍ നാല് ദിവസം വെറും 30 മിനുറ്റ് ചിലവഴിക്കൂ.' -നിത അംബാനി പറഞ്ഞുനിര്‍ത്തി.
Content Highlights: Nita Ambani shares her fitness secrets in a video on international women's day
Published: 08 Mar 2025, 08:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented