താരദമ്പതിമാരായ പ്രിയങ്കാ ചോപ്രയ്ക്കും നിക്ക് ജൊനാസിനും ഒരുപാട് ആരാധകരുണ്ട്. 2018 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. നാല് വർഷത്തിനുശേഷം വാടകഗർഭധാരണത്തിലൂടെ മകൾ മാൽതി മേരി ചോപ്ര ജനിച്ചു. ആ സമയത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് പ്രിയങ്ക നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

To advertise here,

മാസം തികയുന്നതിന് മുമ്പായിരുന്നു കുഞ്ഞിന്റെ ജനനം. അതിനാൽ ജനിച്ചയുടൻ കുഞ്ഞിനെ നേറ്റൽ ഐ.സി.യുവിലേക്ക് മാറ്റി. 100 ദിവസത്തോളം ഐസിയുവിലായിരുന്നു. തന്റെ കൈകളേക്കാളും ചെറുതായിരുന്നു അവളെന്നും അവളെ നഷ്ടപ്പെടുമോ എന്ന് പലപ്പോഴും പേടിച്ചിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മകളുടെ അതിജീവനത്തെ കുറിച്ച് നിക്കും മനസ് തുറക്കുകയാണ്. ജനിച്ചപ്പോൾ മാൽതിയുടെ ഭാരം 700 ഗ്രാം മാത്രമായിരുന്നെന്നും ശരീരത്തിൽ നീല നിറമുണ്ടായിരുന്നതിനാൽ അപ്പോൾതന്നെ ഐസിയുവിലേക്ക് മാറ്റിയെന്നും ഒരു പോഡ്കാസ്റ്റ് ഷോയിൽ നിക്ക് വ്യക്തമാക്കി.

'അവൾ ഏപ്രിലിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് നേരത്തെയാകുമെന്ന് ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. ഒട്ടുംവൈകാതെ ആശുപത്രിയിലെത്തി. അവൾ പുറത്തുവന്നു. അവളുടെ ഭാരം 700 ഗ്രാമായിരുന്നു. ശരീരത്തിൽ നീല നിറവുമുണ്ടായിരുന്നു. അവളെ പെട്ടെന്നുതന്നെ ഐസിയുവേല്ക്ക് മാറ്റി. കോവിഡ് പടർന്നുപിടിക്കുന്ന സമയമായിരുന്നു അത്. ഞാനും പ്രിയങ്കയും മൂന്നര മാസത്തോളം ആശുപത്രിയിൽ 12 മണിക്കൂർ ഷിഫ്റ്റുകളിൽ ഇരുന്നു. ആറ് തവണയാണ് രക്തം മാറ്റിവെയ്‌ക്കേണ്ടി വന്നത്. പതിയെ മകളുടെ ശരീരഭാരം വർധിക്കാൻ തുടങ്ങി.'-ഏറെ വികാരാധീനനായാണ് നിക്ക് പോഡ്കാസ്റ്റിൽ സംസാരിച്ചത്.

ഒരു നല്ല ഭർത്താവായിരിക്കാൻ വേണ്ട ഗുണങ്ങളെ കുറിച്ചും ഷോയിൽ നിക്ക് സംസാരിച്ചു. സത്യസന്ധനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അമ്മയോട് എങ്ങനെയാണ് അച്ഛൻ പെരുമാറുന്നതെന്ന് വളർന്നുവരുന്ന മക്കൾ കാണുന്നുണ്ടെന്ന കാര്യം നമ്മൾ ഓർക്കണമെന്നും നിക്ക് വ്യക്തമാക്കി. 'നമ്മുടെ മകൾ നമ്മളെ ശ്രദ്ധിക്കുന്നു എന്നതും ഒരു ദിവസം അവൾക്ക് സന്തോഷം നൽകുന്ന ഒരാളെ കണ്ടെത്താൻ കഴിയുമെന്നതും എനിക്കറിയാം. ഞാൻ അവളുടെ അമ്മയോട് എങ്ങനെ പെരുമാറുന്നു എന്നത് അവൾ ആരായിത്തീരുന്നു എന്നതിൽ വളരെ പ്രധാനമാണ്. പ്രിയങ്കയെ സന്തോഷിപ്പിക്കാനും സുരക്ഷിതമായി തോന്നിപ്പിക്കാനും അവളെ ചിരിപ്പിക്കാനും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വിശ്വസിക്കാൻ കഴിയുന്ന ഒരു പങ്കാളിയോടൊപ്പം ജീവിതത്തിലെ പ്രതിസന്ധികളെല്ലാം തരണം ചെയ്യുന്നത് വളരെ എളുപ്പമാണ്.'-നിക്ക് ജൊനാസ് കൂട്ടിച്ചേർത്തു.