
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസിന്റെ 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തിയുടെ 17 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിയുടെ കൈവശമുള്ളത്. അതായത് മൊത്തം 0.04 ശതമാനം ഓഹരികള്‍. അതുകൊണ്ടുതന്നെ 2025 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭവിഹിതമായി ഏകാഗ്രയ്ക്ക് 3.3 കോടി രൂപ ലഭിക്കും. ഇതോടെ ഏകാഗ്രയുടെ ഇതുവരെയുള്ള മൊത്തം ലാഭവിഹിത വരുമാനം 10.65 കോടി രൂപയാകും.
നാല് മാസം പ്രായമുള്ളപ്പോഴാണ് കൊച്ചുമകന് നാരായണ മൂര്‍ത്തി ഓഹരികള്‍ സമ്മാനിച്ചത്. അന്ന് ഓഹരികളുടെ മൂല്യം 240 കോടിയിലധികം രൂപയായിരുന്നു. ഒരു വയസ്സും അഞ്ച് മാസവും പ്രായമുള്ള ഏകാഗ്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ്.
നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകനായ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. 2023 നവംബറില്‍ ബെംഗളൂരുവില്‍ ജനിച്ച ഏകാഗ്ര നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മൂന്നാമത്തെ കൊച്ചുമകനാണ്. കൃഷ്ണയും അനുഷ്‌കയുമാണ് മറ്റു പേരക്കുട്ടികള്‍. കൃഷ്ണയും അനുഷ്‌കയും നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രിയായിരുന്ന ഋഷി സുനകിന്റെയും മക്കളാണ്.
കമ്പനിയുടെ 3.89 ലക്ഷം ഓഹരികള്‍ (1.04% ഓഹരി പങ്കാളിത്തം) കൈവശം വെക്കുന്ന അക്ഷത മൂര്‍ത്തിക്കും ഇന്‍ഫോസിസ് ലാഭവിഹിത പ്രഖ്യാപനത്തിലൂടെ 85.71 കോടി രൂപ ലഭിക്കും. നാരായണ മൂര്‍ത്തിക്ക് 33.3 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യ സുധാ മൂര്‍ത്തിക്ക് 76 കോടി രൂപയും ലാഭവിഹിതമായി ലഭിക്കും.
1981-ല്‍ 10,000 രൂപയുടെ ചെറിയ നിക്ഷേപത്തില്‍ തുടങ്ങിയ ഇന്‍ഫോസിസ്, പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായി വളരുകയായിരുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി, തന്റെ പരിമിതമായ സമ്പാദ്യം ഉപയോഗിച്ച് ഇന്‍ഫോസിസിന്റെ പ്രാരംഭഘട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്‍ഫോസിസ് ഫൗണ്ടേഷനെ 25 വര്‍ഷത്തിലേറെ നയിച്ച ശേഷം 2021 ഡിസംബറില്‍ സുധാ മൂര്‍ത്തി ആ സ്ഥാനത്തുനിന്നും വിരമിച്ചു. 2024 മാര്‍ച്ചില്‍ അവര്‍ രാജ്യസഭാംഗവുമായി.
Content Highlights: narayana murthys grandson to earn 3.3 crore from infosys
Published: 18 Apr 2025, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented