തെലുങ്കിലെ താരദമ്പതിമാരാണ് നാഗചൈതന്യയും ശോഭിതാ ധുലിപാലയും. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രണയനിമിഷങ്ങള്‍ നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ ശോഭിതയോടുള്ള തന്റെ പ്രണയത്തിന്റെ ആഴം വ്യക്തമാക്കുകയാണ് നാഗചൈതന്യ; ഒപ്പം തങ്ങളുടെ പ്രണയകഥയും. സീഫൈവ് ചാനലില്‍ ജഗപതി ബാബു അവതരിപ്പിക്കുന്ന ജയമ്മു നിശ്ചയമ്മുരാ എന്ന ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു നാഗചൈതന്യ.

To advertise here,

Also Read: 'അവള്‍ എന്റെ ഫോട്ടോ ലൈക്ക് ചെയ്തു'; ലോക്‌സഭാ എംപി പ്രിയാ സരോജുമായുള്ള പ്രണയകഥ പറഞ്ഞ് റിങ്കു സിങ്

'ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. എന്റെ ജീവിതപങ്കാളിയെ അവിടെ ഞാന്‍ കണ്ടുമുട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അവള്‍ ചെയ്ത സിനിമകള്‍ എനിക്കറിയാമായിരുന്നു. ഒരുദിവസം എന്റെ ക്ലൗഡ് കിച്ചനായ ഷോയുവിനെ കുറിച്ച് ഞാന്‍ പോസ്റ്റ് ചെയ്തു. അതിന് താഴെ അവള്‍ ഒരു ഇമോജി കമന്റ് ചെയ്തു. പിന്നീട് ഞങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി. അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ നേരില്‍ക്കണ്ടു.' -നാഗചൈതന്യ പറഞ്ഞു.

റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് താന്‍ ശോഭിതയെ എത്രത്തോളം പ്രണയിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരുത്തരം നാഗചൈതന്യ പറഞ്ഞത്. ഒപ്പമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് കരുതുന്ന ഒന്ന് എന്താണ് എന്നാണ് ജഗപതി ബാബു ചോദിച്ചത്. 'ശോഭിത, എന്റെ ഭാര്യ' എന്നാണ് ഇതിന് മറുപടിയായി നാഗചൈതന്യ പറഞ്ഞത്. ഇപ്പോഴുള്ള ജീവിതത്തില്‍ താന്‍ വളരെയേറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don’t Miss: 'മഹാമാരിപോലും വകവെക്കാതെ അവൻ എന്നെ കാണാൻവന്നു'; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പറഞ്ഞ് ബ്രസീലിയൻ യുവതി

നാഗചൈതന്യയെ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ എത്തിച്ച പുതിയ ചിത്രം താന്‍ഡല്‍ പുറത്തിറങ്ങിയശേഷമുണ്ടായ രസകരമായ അനുഭവവും നാഗചൈതന്യ പങ്കുവെച്ചു. താന്‍ഡല്‍ ഇറങ്ങിയതിന് ശേഷം ശോഭിത തന്നോട് കുറച്ച് ദിവസം മിണ്ടിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തില്‍ ബുജ്ജി താല്ലി എന്നൊരു ഗാനമുണ്ടായിരുന്നു. ഇത് ശോഭിതയെ നാഗചൈതന്യ വിളിക്കുന്ന ചെല്ലപ്പേരായിരുന്നു. ഇതാണ് ശോഭിത തന്നോട് മിണ്ടാതിരിക്കാന്‍ കാരണമെന്ന് നാഗചൈതന്യ ചിരിയോടെ പറഞ്ഞു. 'സംവിധായകനോട് ഞാന്‍ പറഞ്ഞ് ആ പേര് സിനിമയില്‍ ഉള്‍പ്പെടുത്തിയതാണ് എന്നാണ് അവള്‍ കരുതിയത്. പക്ഷേ ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?' -നാഗചൈതന്യ പറഞ്ഞു. ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായില്ലെങ്കില്‍ ആ പ്രണയബന്ധം യഥാര്‍ഥമല്ലെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.