സോഷ്യല്‍ മീഡിയയില്‍ വളരെ വിരളമായി ഇടപെടാറുള്ള വ്യക്തിയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി. ഇന്‍സ്റ്റഗ്രാമില്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമാണ് ധോനി പങ്കുവെയ്ക്കാറുള്ളത്. ഈ വര്‍ഷം ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തില്‍ അഭിനന്ദിച്ചുള്ള കുറിപ്പാണ്.

To advertise here,

ഇപ്പോഴിതാ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ആശംസ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ധോനി. മനോഹരമായൊരു കുറിപ്പോട് കൂടി രാധികയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അരികില്‍ ആനന്ദിനേയും സാക്ഷിയേയും കാണാം.

'രാധിക, നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ! ആനന്ദ്, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന അതേ സ്‌നേഹത്തോടും ദയയോടും കൂടി രാധികയെ വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് തുടരുക. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷവും ചിരിയുംകൊണ്ട് നിറയട്ടെ. അഭിനന്ദനങ്ങള്‍, വീണ്ടും കാണാം!' -ധോനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇരുവര്‍ക്കും ആശംസ നേര്‍ന്ന് ധോനിയുടെ ഭാര്യ സാക്ഷിയും ഇന്‍സ്റ്റഗ്രോമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രാധികയുടെ ചിരിയും ആനന്ദിന്റെ കരുണയുള്ള ഹൃദയവുംപോലെ നിങ്ങളുടെ സ്‌നേഹം കൂടുതല്‍ ആഴമുള്ളതാകട്ടെ എന്നാണ് സാക്ഷി കുറിച്ചത്. ആനന്ദും രാധികയ്ക്കും ധോനിക്കുമൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും സാക്ഷി പങ്കുവെച്ചിട്ടുണ്ട്.

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദിന്റെ പ്രീ വെഡ്ഡിങ് ആഘോഷം മുതല്‍ എല്ലാ ചടങ്ങുകളിലും ധോനിയും സാക്ഷിയും നിറ സാന്നിധ്യമായിരുന്നു. വിവാഹത്തിനും ശുഭ് ആശിര്‍വാദിനും റിസപ്ഷനും ഇരുവര്‍ക്കുമൊപ്പം മകള്‍ ശിവയുമുണ്ടായിരുന്നു.