തിരുവനന്തപുരം: ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി കുംഭമേളയിലെ വൈറൽ പെൺകുട്ടിയും പങ്കാളി ഫർമാൻ ഖാനും. 2025-ലെ മഹാകുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയും നടൻ ഫർമാൻ ഖാനും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തള്ളിയത്.
'മൊണാലിസയുടെ വിവാഹം പ്രായപൂർത്തിയാകും മുമ്പ്'; സോഷ്യൽ മീഡിയ പ്രചാരണത്തിലെ യാഥാർഥ്യം എന്ത്?
വിവാഹത്തിന് വേണ്ടി ആരും മതം മാറിയിട്ടില്ലെന്നും താൻ ഹിന്ദുവായും ഫർമാൻ മുസ്‌ലിമായും തുടരുമെന്നും പെൺകുട്ടി പറഞ്ഞു. സ്നേഹത്തിന് മതം മാറേണ്ടതില്ലെന്ന് ഫർമാനും കൂട്ടിച്ചേർത്തു. മാതാപിതാക്കൾ ബന്ധുവായ ഒരാളുമായി വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും തനിക്ക് അതിൽ താല്പര്യമില്ലായിരുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഫർമാനെ വിവാഹം ചെയ്തതെന്നും പെൺകുട്ടി വ്യക്തമാക്കി.
പെൺകുട്ടിയുടെ പിതാവ് കേരളത്തിൽ വന്നെങ്കിലും വിവാഹത്തിൽ പങ്കെടുത്തില്ല. അദ്ദേഹം ഇപ്പോഴും ഈ തീരുമാനത്തിൽ ദേഷ്യത്തിലാണെന്നും, പിന്നീട് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നും പെൺകുട്ടി അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആളാണെന്ന പ്രചാരണം നിഷേധിച്ച ഫർമാൻ ഖാൻ, പ്രായപൂർത്തിയായ വ്യക്തിയാണെന്ന് തെളിയിക്കുന്ന ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വാർത്താസമ്മേളനത്തിൽ ഹാജരാക്കി.
കേരള സർക്കാരിന്റെ കെ-സ്മാർട്ട് ആപ്പ് വഴിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പൂവാർ പഞ്ചായത്തിൽ നിന്നും അമ്പലത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.
പെൺകുട്ടിയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. എല്ലാ മതങ്ങളെയും ഒരേപോലെ ബഹുമാനിക്കുന്നുവെന്ന ഫർമാൻ പറഞ്ഞു.
പി. ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന നാഗമ്മ എന്ന മലയാള സിനിമയുടെ പൂജ സമയത്താണ് ആറുമാസം മുമ്പ് ഇരുവരും പരിചയപ്പെട്ടത്. ഫർമാൻ ചിത്രത്തിൽ വില്ലനായും പെൺകുട്ടി നായികയായുമാണ് അഭിനയിക്കുന്നത്.
കേരളത്തിലെ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും, പെൺകുട്ടിയ്ക്ക് ഇവിടെ ഇഷ്ടപ്പെടുകയാണെങ്കിൽ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫർമാൻ പറഞ്ഞു.
വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനും അനുഗ്രഹം നൽകിയതിനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എ.എ. റഹീം എം.പി എന്നിവർക്കും ദമ്പതികൾ നന്ദി അറിയിച്ചു.
Content Highlights: Monalisa and Furman Khan Break Silence on Love Jihad Allegations
Published: 12 Mar 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented