വളരെ കാലത്തിന് ശേഷം മകളെ കണ്ടതിന്റെ വൈകാരിക നിമിഷങ്ങൾ ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുയാണ് ഷമിയുടെ മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടേത് 'ഷോ ഓഫ്' ആണെന്നാണ് ഹസിന്‍ തുറന്നടിക്കുന്നത്.

To advertise here,

മകളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞു. പുതിയ പാസ്‌പോര്‍ട്ടിന് ഷമിയുടെ ഒപ്പുവേണം. അതിനാണ് മകള്‍ അവളുടെ പിതാവിനെ കാണാന്‍ പോയത്. എന്നാല്‍, ഷമി ഒപ്പിട്ടുകൊടുത്തില്ല. മകളേയുംകൊണ്ട് ഷോപ്പിങ് മാളില്‍ പോയി. ഷമി പരസ്യം ചെയ്യുന്ന കടയിലേക്കാണ് മകളെ കൊണ്ടുപോയത്. മകള്‍ കടയില്‍നിന്ന് ഷൂസും ഡ്രസും വാങ്ങി. അവിടെനിന്ന് എന്തുവാങ്ങിയാലും ഷമി കാശുകൊടുക്കേണ്ടതില്ല. അതുകൊണ്ടാണ് മകളെ ആ കടയില്‍ക്കൊണ്ടുപോയത്. മകള്‍ക്ക് ഗിറ്റാറും കാമറയും വേണമായിരുന്നു. എന്നാല്‍, അത് വാങ്ങിനല്‍കിയില്ലെന്നും ഹസിന്‍ ജഹാന്‍ ഒരു വാര്‍ത്താപോര്‍ട്ടലിനോട് പറഞ്ഞു.

ഷമി ഒരിക്കലും മകളെക്കുറിച്ച് അന്വേഷിക്കാറില്ല. ഷമി സ്വന്തംകാര്യങ്ങളില്‍ തിരക്കിലാണ്. ഒരുമാസം മുമ്പ് ഷമി മകളെ കണ്ടിരുന്നു, എന്നാല്‍ അന്ന് ഒന്നും പോസ്റ്റുചെയ്തില്ല. ഒന്നും പോസ്റ്റുചെയ്യാനില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വീഡിയോ ഇട്ടതെന്നും ഹസിന്‍ കൂട്ടിച്ചേര്‍ത്തു.

മകള്‍ ഐറയെ വീണ്ടും കണ്ടനിമിഷം സമയം പോലും നിലച്ചുപോയെന്നും അവളോടുള്ള തന്റെ സ്‌നേഹം വാക്കുകള്‍ക്ക് നിര്‍വചിക്കാന്‍ കഴിയില്ലെന്നും ഇരുവരുമൊത്തുള്ള വീഡിയോ പങ്കുവെച്ച് ഷമി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. 'ഒരുപാടു നാളത്തെ ഇടവേളയ്ക്കുശേഷം അവളെ വീണ്ടും കണ്ടപ്പോള്‍ സമയം നിലച്ചുപോയി. വാക്കുകള്‍ക്ക് നിര്‍വചിക്കാന്‍ കഴിയുന്നതിനുമപ്പുറം ഞാന്‍ നിന്നെ സ്നേഹിക്കുന്നു ബേബോ', എന്നാണ് മകളുമൊത്തുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഷമി കുറിച്ചത്. ഇരുവരും സന്തോഷത്തോടെ ഷോപ്പിങ്മാളില്‍ കറങ്ങുന്ന വീഡിയോയാണ് ഷമി പങ്കുവെച്ചത്.

മുന്‍ഭാര്യ സഹിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ ഐറ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.