ജോലിതേടി അയക്കുന്ന സി.വിയില്‍ വിചിത്രമായ പരീഷണം നടത്തി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജെറി ലീ എന്നയാളാണ് തന്‍റെ സി.വിയിൽ നടത്തിയ പരീക്ഷണത്തേക്കുറിച്ച് വ്യക്തമാക്കിയത്. അസ്വീകാര്യമെന്ന് തോന്നുന്ന കാര്യങ്ങൾക്കൂടി സി.വിയിൽ ഉൾപ്പെടുത്തിയിട്ടും  29 വന്‍കിട കമ്പനികളുടെ ജോലിവാഗ്ദാനം തനിക്ക് ലഭിച്ചതായി ലീ പറയുന്നു. 

To advertise here,

ഗൂഗിളില്‍ മൂന്നുവര്‍ഷത്തോളം സ്ട്രറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജരായിരുന്നു ജെറി ലീ. ജോലിക്ക് തിരഞ്ഞെടുക്കുമ്പോള്‍ എത്രത്തോളം സൂക്ഷ്മമായി സി.വികള്‍ വിലയിരുത്തുന്നു എന്ന് പരീക്ഷിക്കുകയായിരുന്നു ലീയുടെ ലക്ഷ്യം. വിവിധ കമ്പനികള്‍ക്ക് അയച്ച സി.വികള്‍ക്ക് നെഗറ്റീവ് പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള പോസിറ്റീവ്‌ പ്രതികരണമാണ് അതിന് ലഭിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു, ലീ.

മോങ്കോഡിബി, റോബിന്‍ഹുഡ്, റെഡ്ഡിറ്റ് അടക്കം വലിയ കമ്പനികളില്‍നിന്ന് ഈ പരീക്ഷണ സി.വിയുടെ പേരില്‍ ലീയ്ക്ക് ജോലിവാഗ്ദാനം ലഭിച്ചു. ഒന്നരമാസത്തിനിടെ 29 കമ്പനികളാണ് അദ്ദേഹത്തെ അഭിമുഖങ്ങള്‍ക്ക് വിളിച്ചത്.

ജോലിക്കായി സി.വി. തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് ടിപ്‌സ് നല്‍കാന്‍ ജെറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് തന്റെ പരീക്ഷണത്തെക്കുറിച്ച് പറയുന്നത്. സംക്ഷിപ്തവും ആകർഷകവുമായ സി.വികള്‍ തയ്യാറാക്കണമെന്ന് ലീ നിര്‍ദേശിക്കുന്നു. സിംപിളായ സി.വികളില്‍ നേട്ടങ്ങളും വ്യക്തമായി എഴുതാന്‍ ലീ ആവശ്യപ്പെടുന്നു.

ഇതിനൊപ്പമാണ്, വന്‍കിട കമ്പനികളുടെ പേരുകള്‍ക്കിടയില്‍ വലിയ തെറ്റെന്ന് പൊതുവേ ആളുകള്‍ പറയുന്ന ചെറിയ ചില കുസൃതികള്‍ ഒപ്പിക്കുന്നതിനെക്കുറിച്ച് ലീ പറയുന്നത്. ജാവയടക്കം വൈദഗ്ധ്യമുള്ള സോഫ്റ്റ്‌വെയറുകളുടെ പേരുകള്‍ക്കിടയില്‍ മിയ ഖലീഫ എന്നുകൂടെ ചേര്‍ത്തു. ഇന്റേണ്‍ ടീമിന്റെ 60 ശതമാനത്തിനും എസ്.ടി.ഡി (ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍) പരത്തിയതായി നേട്ടങ്ങളുടെ പട്ടികയ്ക്കൊപ്പം എഴുതിച്ചേർത്തു.

ഒറ്റ രാത്രി കൂടുതല്‍ വോഡ്ക ഷോട്ട്‌സ് കഴിച്ചതിന് പാരമ്പര്യമായി റെക്കോര്‍ഡുണ്ടെന്ന് വിദ്യാഭ്യാസ നിലയ്ക്കൊപ്പവും എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇത്രയൊക്കെയും 'ഗുരുതരപിഴവുകള്‍'ക്കിടയിലും ഗൂഗിള്‍ പോലെ വലിയ കമ്പനികളുടെ പേര് സി.വിയില്‍ ഉണ്ടെങ്കില്‍ ഇന്‍ര്‍വ്യൂ കോള്‍ ലഭിക്കുമെന്ന്‌ ചൂണ്ടിക്കാട്ടാനാണ് ലീ ശ്രമിക്കുന്നത്.