തെന്നിന്ത്യന്‍ സിനിമാലോകത്തിന് പ്രിയപ്പെട്ട താരമാണ് മേഘ്നാരാജ്. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ താരം മകന്‍ ജൂനിയര്‍ ചീരുവവെന്ന റയാന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 

To advertise here,

ഇപ്പോള്‍ മകന് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. ഒക്ടോബര്‍ 22ന് റയാന് രണ്ട് വയസ്സ് പൂര്‍ത്തിയായി. 'എന്റെ അനുഗ്രഹം! ഞങ്ങളുടെ കുഞ്ഞിന് രണ്ട് വയസ്' എന്ന് കുറിച്ച താരം മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അഞ്ചുദിവസം മുമ്പായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ പിറന്നാള്‍. അന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. 
'എന്റെ സന്തോഷത്തിന് പിറന്നാള്‍ ആശംസകള്‍. എന്റെ ചിരിക്കുള്ള ഒരേയൊരു കാരണം നീയാണ്'. എന്ന കുറിപ്പോടെയാണ് താരം ആശംസ നേര്‍ന്നത്. തന്റെ വിവാഹചിത്രവും ഇതിനൊപ്പം മേഘ്‌ന പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ മകന്റെ ഒന്നാം പിറന്നാളിനും താരം ആശംസകളറിയിച്ചു കൊണ്ടു കുറിപ്പ് പങ്കുവെച്ചിരുന്നു. അകാലത്തില്‍ മരിച്ചുപോയ ചിരഞ്ജീവി സര്‍ജയെ പരാമര്‍ശിച്ചായിരുന്നു ഹൃദയം തൊടുന്ന ആ കുറിപ്പ്. 'ചീരു..നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മള്‍ എന്നും ഇങ്ങനെ പരസ്പരം ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജന്മദിനാശംസകള്‍. അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു'-എന്നായിരുന്നു അന്ന് മേഘ്‌ന കുറിച്ചത്. 

2018ലാണ് കന്നഡയിലെ സൂപ്പര്‍ താരമായിരുന്ന ചിരഞ്ജീവി സര്‍ജയും മേഘ്നയും വിവാഹിതരാവുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2020 ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരിച്ചു. ഈ സമയത്ത് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം. ഇതോടെ വിഷാദത്തിലും സങ്കടത്തിലുമായ മേഘ്‌ന മകന്‍ ജനിച്ചതോടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. 2020 ഒക്ടോബര്‍ 22നായിരുന്നു റയാന്റെ ജനനം.