വെള്ളിത്തിരയിലെ പകരക്കാരില്ലാത്ത അഭിനയത്തിനും വേദിയിലെ നൃത്തച്ചുവടുകൾക്കും പിന്നാലെ ചിത്രരചനയിലും തന്റെ പ്രതിഭ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ. വീട്ടിലെ ‘ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്’ സർപ്രൈസായി മഞ്ജു വരച്ച മനോഹരമായ ചിത്രം ശ്രദ്ധനേടുകയാണ്. 

To advertise here,

പെയിന്റിങ് അരുമയായ നായ്ക്കുട്ടിയുടെ മുന്നിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതിന്റെ ഹൃദ്യമായ നിമിഷങ്ങളാണ് താരം വിഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിനൊപ്പം അമ്മ ഗിരിജ, സഹോദരനും സംവിധായകനുമായ മധു വാര്യർ, അദ്ദേഹത്തിന്റെ ഭാര്യയും മകളും സന്തോഷ നിമിഷത്തിൽ പങ്കാളികളാകുന്നുണ്ട്. എല്ലാവരും ചേർന്ന് ചിത്രത്തിന് മുന്നിലേക്ക് നായ്ക്കുട്ടിയെ നയിക്കുന്നതും ക്യാൻവാസിലെ തന്റെ രൂപം കണ്ട് അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിനിൽക്കുന്ന രസകരമായ ഭാവങ്ങളും വീഡിയോയിൽ കാണാം. 

"ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് അതിനെ ഇത്രമേൽ മനോഹരമാക്കിയതിന്..." എന്ന അർത്ഥം വരുന്ന വരികളോടെയാണ് മഞ്ജു ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന്റെ വിഡിയോ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല, വരയിലും മഞ്ജു ഏറെ മുന്നിലാണെന്ന് ആരാധകർ ഒരേസ്വരത്തിൽ പറയുന്നു. സിനിമാ രംഗത്തുനിന്നുള്ള സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന്റെ സർഗ്ഗാത്മകതയെയും മൃഗസ്നേഹത്തെയും അഭിനന്ദിച്ച് കമന്റുകളുമായെത്തിയത്.