വളർത്തുനായയ്ക്കും പൂച്ചയ്ക്കും അൽപം തടി കൂടുന്നത് കാണുമ്പോൾ പല ഉടമകൾക്കും അത് സന്തോഷമുള്ള കാര്യമായിരിക്കും. തടിച്ച് ഉരുണ്ട ശരീരവും നിറയെ രോമവുമൊക്കെയുള്ള വളർത്തുമൃഗങ്ങളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. എന്നാൽ ഈ തടിപ്പ് ആരോഗ്യത്തിന്റെ ലക്ഷണമാകണമെന്നില്ല. പതുക്കെ കൂടുന്ന ശരീരഭാരം പലപ്പോഴും ഉടമകളുടെ ശ്രദ്ധയിൽപ്പെടാതെ പോകുകയും പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യാം. വളർത്തുമൃഗങ്ങളിലെ അമിതവണ്ണം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയാണ് മൃഗഡോക്ടർമാർ. അമിതവണ്ണം മനുഷ്യരിൽ മാത്രമല്ല, വളർത്തുനായ്ക്കളിലും പൂച്ചകളിലും നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം. ശരീരഭാരം കൂടുന്നത് സന്ധികളിൽ അധിക സമ്മർദമുണ്ടാക്കുകയും വിവിധ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. എന്നാൽ പുറമേ വലിയ മാറ്റങ്ങളൊന്നും കാണാത്തതിനാൽ പലരും ഈ പ്രശ്‌നം തിരിച്ചറിയാറില്ല.വെറ്റ്‌ലാബിന്റെ സ്ഥാപകനും എംഡിയുമായ ഡോ. മനീഷ് കുമാർ ഗുപ്തയാണ് വളർത്തുമൃഗങ്ങളിലെ അമിതവണ്ണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

To advertise here,

ലോക പെറ്റ് ഒബിസിറ്റി അസോസിയേഷൻ സമാഹരിച്ച ആഗോള വെറ്ററിനറി വിവരങ്ങൾ പ്രകാരം വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വെറ്ററിനറി ക്ലിനിക്കുകളിൽ എത്തുന്ന നായ്ക്കളിലും പൂച്ചകളിലും 40 മുതൽ 60 ശതമാനം വരെ അമിതവണ്ണമുള്ളവരോ അമിതഭാരമുള്ളവരോ ആണ്. എന്നാൽ ഇന്ത്യയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും കണക്കുകളും വളരെ പരിമിതമാണ്. ഇന്ത്യയിൽ ഈ പ്രശ്‌നമില്ല എന്നല്ല, മറിച്ച് വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ടാണ് വളർത്തുമൃഗങ്ങളിലെ അമിതവണ്ണം തിരിച്ചറിയാതെ പോകുന്നത്?

ദിവസവും കാണുന്ന വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ പതുക്കെ സംഭവിക്കുന്ന മാറ്റങ്ങൾ ഉടമകൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, രണ്ടു വർഷത്തിനിടെ ഒരു നായയുടെ ശരീരഭാരം 15 ശതമാനം വർധിച്ചാലും ദിവസവും അതിനെ കാണുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന ഉടമയ്ക്ക് ആ മാറ്റം പെട്ടെന്ന് ശ്രദ്ധയിൽപ്പെടണമെന്നില്ല.ചില ഇനം നായ്ക്കൾക്ക് സ്വാഭാവികമായിത്തന്നെ തടിച്ച ശരീരപ്രകൃതിയും കൂടുതൽ രോമവുമുണ്ടാകും. അതിനാൽ സാധാരണ ശരീരപ്രകൃതിയും അമിതവണ്ണവും തമ്മിൽ തിരിച്ചറിയുന്നതും പ്രയാസമാണ്.

വളർത്തുമൃഗങ്ങളുടെ ഭാരം തൂക്കിനോക്കുന്നത് മാത്രം അവയ്ക്ക് അമിതവണ്ണമുണ്ടോ എന്ന് കണ്ടെത്താൻ മതിയാകില്ല. ഇതിനായി വെറ്ററിനറി രംഗത്ത് ഉപയോഗിക്കുന്ന രീതിയാണ് ബോഡി കണ്ടീഷൻ സ്‌കോറിങ് ശരീരത്തിൽ എത്രമാത്രം കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് സ്പർശനത്തിലൂടെയും ശരീരഘടന വിലയിരുത്തിയും മനസ്സിലാക്കുന്ന രീതിയാണിത്. ശരീരഭാരം മാത്രം കണക്കാക്കുന്നതിനേക്കാൾ കൃത്യമായ വിലയിരുത്തലിന് ഈ രീതി സഹായിക്കും.

അമിതവണ്ണം വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

അമിതമായി ശരീരഭാരം കൂടുന്നത് വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും ആരോഗ്യത്തെ പല രീതിയിൽ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ, സന്ധികളിലെ അധിക സമ്മർദം, ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല.ഇൻസുലിൻ പ്രതിരോധം, പ്രമേഹം, സന്ധിവാതം, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങൾ അമിതവണ്ണവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. പ്രത്യേകിച്ച് പൂച്ചകളിൽ പ്രമേഹസാധ്യത ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു.വൃക്കരോഗങ്ങളുടെ പ്രാരംഭഘട്ടം, ഹൈപ്പോതൈറോയിഡിസം, കരളിലെ എൻസൈമുകളുടെ അളവ് വർധിക്കൽ, ചെള്ള് വഴി പകരുന്ന അണുബാധകൾ, ഹോർമോൺ സംബന്ധമായ തകരാറുകൾ എന്നിവയും വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം.

ഇത്തരം പ്രശ്‌നങ്ങൾ മാസങ്ങളോളം പുരോഗമിച്ചാലും വളർത്തുമൃഗങ്ങൾ പതിവുപോലെ ഭക്ഷണം കഴിക്കുകയും ഉടമകളെ സ്വീകരിക്കുകയും പടികൾ കയറുകയും ചെയ്‌തേക്കാം. വേദനയും അസ്വസ്ഥതകളും സ്വാഭാവികമായും മറച്ചുവയ്ക്കുന്ന സ്വഭാവം നായ്ക്കൾക്കും പൂച്ചകൾക്കുമുണ്ടെന്നും ഡോ. മനീഷ് കുമാർ ഗുപ്ത വിശദീകരിക്കുന്നു.

വാക്‌സിനേഷനും വിരമരുന്നും മാത്രം പോരാ

വളർത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണം വാക്‌സിനേഷനിലും വിരമരുന്ന് നൽകുന്നതിലും മാത്രം ഒതുങ്ങരുതെന്നാണ് വിദഗ്ധരുടെ നിർദേശം. കൃത്യമായ ഇടവേളകളിൽ മൃഗഡോക്ടറെ കാണിച്ച് ആരോഗ്യപരിശോധന നടത്തേണ്ടതും പ്രധാനമാണ്.രക്തപരിശോധനകളും ആവശ്യമായ സ്‌കാനിങ്ങുകളും വഴി പുറമേ ലക്ഷണങ്ങളൊന്നും പ്രകടമാകാത്ത ആരോഗ്യപ്രശ്‌നങ്ങൾ പോലും നേരത്തെ കണ്ടെത്താൻ സാധിക്കും.വളർത്തുമൃഗങ്ങളുടെ ശരീരഭാരം, ശരീരഘടന, ഭക്ഷണശീലം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കണം. തടിച്ച ശരീരം ഭംഗിയുടെ ലക്ഷണമായി മാത്രം കാണാതെ ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൃത്യമായ പരിശോധനകളും പ്രതിരോധ പരിചരണവും വഴി വളർത്തുമൃഗങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ ഉടമകൾക്ക് സാധിക്കും.