90-കളുടെ തുടക്കത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു പൂജാ ഭട്ട്. സംവിധായകനായ അച്ഛന്‍ മഹേഷ് ഭട്ടിന്റെ പിന്തുണയോടെ സിനിമയിലെത്തിയ പൂജ പിന്നീട് സ്വന്തം മേല്‍വിലാസമുണ്ടാക്കിയെടുക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരു വിവാദം അവരുടെ കരിയറിനെതന്നെ ബാധിച്ചു. ഒരു ഫിലിം മാഗസിന്റെ കവര്‍ പേജില്‍ അച്ചടിച്ചുവന്ന ചിത്രമായിരുന്നു ഈ വിവാദത്തിന് കാരണം. പൂജയും അച്ഛന്‍ മഹേഷ് ഭട്ടും ചുംബിക്കുന്നതായിരുന്നു ആ ചിത്രം. 

To advertise here,

എന്നാല്‍ അന്നത്തെ ആ വിവാദങ്ങള്‍ കുടുംബത്തെ ബാധിച്ചിട്ടില്ലെന്ന് പൂജയടെ സഹോദരനും ഫിറ്റ്‌നസ് ട്രെയ്‌നറുമായ രാഹുല്‍ ഭട്ട് പറയുന്നു. 'ഞങ്ങളെ അതൊന്നും ബാധിച്ചിരുന്നില്ല. സത്യം എന്താണെന്ന് എല്ലാവര്‍ക്കം അറിയാം. ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ ഇതെല്ലാം കണ്ടുവളര്‍ന്നവരാണ്.'-രാഹുല്‍ പറയുന്നു. 'ഹിന്ദി റഷ്' എന്ന പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്ക് ഇത്തരം വിവാദങ്ങളെ വലിയൊരളവില്‍ പ്രതിരോധിക്കാന്‍ കഴിയുമെന്നും താനും സഹോദരിയും അത്തരത്തിലാണ് വളര്‍ന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'സിനിമാ കുടുംബങ്ങളില്‍ ജനിച്ച കുട്ടികള്‍ ഒ്ന്നുകില്‍ പ്രശ്‌നക്കാരായിരിക്കും. അതല്ലെങ്കില്‍ വിവാദങ്ങളൊന്നും ബാധിക്കാത്ത രീതിയില്‍ ശക്തരായിരിക്കും. അന്നത്തെ ആ വിവാദത്തില്‍ ഞങ്ങള്‍ ഏറെ വിഷമിച്ചു എന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.'-രാഹുല്‍ വ്യക്തമാക്കുന്നു.

2023-ലെ ഒരു അഭിമുഖത്തില്‍ ആ വിവാദ ഫോട്ടോയെ കുറിച്ച് പൂജാ ഭട്ടും പ്രതികരിച്ചിരുന്നു. ഏറെ നിഷ്‌കളങ്കമായ ചിത്രമായിരുന്നു അതെന്ന് വ്യക്തമാക്കിയ പൂജാ ഭട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ചിത്രത്തെ വിവാദമാക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ''അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ആളുകള്‍ക്ക് വളച്ചൊടിച്ച രീതിയില്‍ കാണാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും. എന്നിട്ട് നമ്മള്‍ കുടുംബ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എന്തൊരു തമാശയാണിത്,'' അവര്‍ പറഞ്ഞു.