താനെ: മൂന്നു പതിറ്റാണ്ടുമുൻപ് കുടുംബവുമായി വേർപിരിഞ്ഞ സ്ത്രീ ഒടുവിൽ 80 ാം വയസ്സിൽ പ്രിയപ്പെട്ടവർക്കടുത്ത് എത്തിച്ചേർന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍നിന്ന് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ സ്ത്രീയാണ് കുടുംബവുമായി ഒത്തുചേര്‍ന്നത്. താനെ മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ആശുപത്രിയുടെ സഹായത്തോടെയാണ് കുടുംബത്തിലേയ്ക്ക് തിരികെയെത്തിയത്. വയോധികയുടെ തിരോധാനത്തിനും തിരിച്ചുവരവിനും പിന്നിൽ ഒരു കഥയുണ്ട്.

To advertise here,

30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവർ നാടുവിട്ടത്. 13-കാരനായ മകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മാനസികമായി തകർന്ന ഇവർ എവിടേയ്ക്കെന്നില്ലാതെ വീട്ടിൽനിന്നിറങ്ങുകയായിരുന്നു. നാടുവിട്ട്  എത്തിയത് നാസിക്കിലാണ്. തുടര്‍ന്ന് വർഷങ്ങളോളം അവർ അവിടെ അലഞ്ഞുതിരിയുകയായിരുന്നു.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയില്‍ 80-കാരിയെ നാസിക് പോലീസ് കണ്ടെത്തുന്നത്. ഓര്‍മക്കുറവുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി താനെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആശുപത്രിയിലെ ചികിത്സയ്‌ക്കൊടുവില്‍ 80-കാരിയുടെ ഓര്‍മ പതിയെ മടങ്ങിവന്നുതുടങ്ങി. സ്വന്തം നാടിനേക്കുറിച്ചും വീട്ടുകാരേക്കുറിച്ചുമൊക്കെയുള്ള ഓർമകൾ തിരികെ കിട്ടി. അഹമ്മദ് നഗറിലാണ് തന്റെ വീടെന്ന് വയോധിക ആശുപത്രി ജീവനക്കാരോട് പറഞ്ഞു. തുടർന്ന് ആശുപത്രി ജീവനക്കാര്‍ ഈ വിവരങ്ങൾ വെച്ച് അന്വേഷണം ആരംഭിച്ചു.

അഹമ്മദ് നഗർ പോലീസുമായി ആശുപത്രി ജീവനക്കാര്‍ ബന്ധപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് 80-കാരിയുടെ മരുമകളും ബന്ധുകളും മറ്റുമെത്തി ആശുപത്രിയില്‍ വെച്ച് കണ്ടു. 30 വര്‍ഷങ്ങള്‍ക്കിടയിലുള്ള ആദ്യത്തെ കണ്ടുമുട്ടലായിരുന്നു ഇത്. തുടര്‍ന്ന് അഹമ്മദ്‌നഗറിലെ ബന്ധുക്കള്‍ക്കൊപ്പം 80-കാരിയെ ആശുപത്രി ജീവനക്കാര്‍ പറഞ്ഞയച്ചു. ആശുപത്രിയുടെ പരിപാലനവും അര്‍പ്പണബോധവും തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചതായി ബന്ധുക്കള്‍ പ്രതികരിച്ചു.