ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ലുവാനാ ലോപ്‌സ് ലാറ എന്ന ബ്രസീലിയന്‍ യുവതി. വെറും 29 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ലുവാന ഈ നേട്ടം കൈവരിച്ചത്. കല്‍ഷി എന്ന ലുവാനയുടെ പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമിന്റെ മൂല്യം അടുത്തിടെ 1,100 കോടി ഡോളറെത്തിയതോടെയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി അവര്‍ മാറിയത്. സ്‌കെയില്‍ എഐ എന്ന സ്ഥാപനത്തിന്റെ ഉടമയായ ലൂസി ഗുവോയെ മറികടന്നാണ് ലാറയുടെ നേട്ടം. 

To advertise here,

ആരാണ് ലുവാനാ ലോപ്‌സ് ലാറ?

ബ്രസീലില്‍ ജനിച്ച ലുവാന, പ്രശസ്തമായ ബോള്‍ഷോയ് തിയേറ്റര്‍ സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയ പ്രൊഫഷണല്‍ ബാലെ നര്‍ത്തകിയാണ്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയേക്കാള്‍ (എംഐടി) മികച്ച അനുഭവം എന്നാണ് തന്റെ പരിശീലനകാലത്തെ ലുവാന വിശേഷിപ്പിച്ചത്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ഓസ്ട്രിയയിലെ വിവിധ ഇടങ്ങളില്‍ ലുവാന നൃത്തപ്രകടനം അവതരിപ്പിച്ചിട്ടുണ്ട്.

ഗണിതാധ്യാപികയായ മാതാവിന്റേയും ഇലക്ട്രിക്കല്‍ എന്‍ജിനീയറായ പിതാവിന്റേയും മകളായ ലുവാന പഠനത്തില്‍ വളരെ മിടുക്കിയായിരുന്നു. ബ്രസീലിലെ പ്രാദേശിക, ദേശീയ തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര ഒളിംപ്യാഡുകളില്‍ നിരവധി സ്വര്‍ണ, വെങ്കല മെഡലുകള്‍ ലുവാന നേടിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനായി യുഎസ്സിലേക്ക് പോയ അവര്‍ എംഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ഗണിതശാസ്ത്രത്തിലും ബിരുദമെടുത്തു. എംഐടിയിലെ പഠനകാലത്ത് ലുവാന വന്‍കിട സാമ്പത്തിക കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഇന്റേണ്‍ഷിപ്പിലൂടെയാണ് ക്വാണ്ടിറ്റേറ്റീവ് ട്രേഡിങ്ങില്‍ അനുഭവസമ്പത്ത് നേടിയത്.

കൽഷിയുടെ പിറവി

ഇന്റേണ്‍ഷിപ്പ് കാലത്താണ് കല്‍ഷി എന്ന ആശയം പിറക്കുന്നത്. എംഐടിയില്‍ പഠിച്ച താരെക് മന്‍സൂറുമായി ചേര്‍ന്നാണ് ലുവാന കല്‍ഷി സ്ഥാപിക്കുന്നത്. 2018-ല്‍ ന്യൂയോര്‍ക്കിലാണ് ഈ സ്ഥാപനം പിറവിയെടുത്തത്. ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ഫലം വിലയിരുത്തി ട്രേഡിങ് നടത്താന്‍ കഴിയാത്ത ആളുകള്‍ക്കായി ട്രേഡിങ് പ്ലാറ്റ്‌ഫോം ഇല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇരുവരും ഇത്തരമൊരു സ്ഥാപനം എന്ന ആശയത്തിലേക്ക് എത്തുന്നത്.

ജൂണില്‍ 200 കോടി ഡോളറായിരുന്ന കമ്പനിയുടെ മൂല്യം ഡിസംബറായപ്പോഴേക്ക് 1100 കോടിയിലേക്ക് കുതിച്ചുയര്‍ന്നു. ഇതോടെയാണ് ലുവാനാ ലോപ്‌സ് ലാറയും താരെക് മന്‍സൂറും ശതകോടീശ്വര പദവിയിലേക്കുയര്‍ന്നത്. കമ്പനിയില്‍ ലുവാനയ്ക്ക് 12 ശതമാനം ഓഹരിയാണുള്ളത്. ഇതുവഴി 130 കോടി ഡോളറിന്റെ (11,704.4 കോടി രൂപ) സ്വത്ത് മൂല്യമാണ് വ്യക്തിപരമായി ലുവാനയ്ക്കുള്ളത്.