
തെങ്ങോലയില്‍ തയ്യാറാക്കിയ ലയണല്‍ മെസിയുടെ മുഖവുമായി മനു, കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആലിലയില്‍ വെട്ടിയെടുത്ത മുഖം ്യു ചിത്രങ്ങള്‍: അമല്‍ മാനവ്
ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച ഓലയില്‍ സൂക്ഷ്മതയോടെ മുറിച്ചെടുത്ത ഭാഗങ്ങളിലൂടെ തെളിയുന്ന മുഖം. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് എന്ന പോലെയുള്ള ഈ ട്രാന്‍സ്ഫര്‍മേഷന്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. പലരും ഹോബിയായി ചെയ്യുന്ന ഈ കരവിരുത് വരുമാന മാര്‍ഗമായി മാറ്റിയിരിക്കുകയാണ് പാനായിക്കുളം സ്വദേശിയായ മനു കെ.എം. ഏസ്‌തെറ്റിക് സോള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മനുവിന്റെ ഇലച്ചിത്രങ്ങള്‍ (ലീഫ് ആര്‍ട്ട്) ട്രെന്‍ഡായത്. ഇഷ്ട താരങ്ങളുടെ മുഖം ഇലയില്‍ വെട്ടിയെടുത്തായിരുന്നു തുടക്കം. പിന്നീട് പ്രിയപ്പെട്ടവര്‍ ആവശ്യപ്പെട്ട മുഖങ്ങള്‍ തയ്യാറാക്കി നല്‍കി. പതിയെ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയതോടെ തന്റെ പാഷന്‍ തന്നെ പിന്തുടരാന്‍ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.
''ചിത്രരചനയിലായിരുന്നു എന്റെ തുടക്കം. ചെറുപ്പം മുതല്‍ തന്നെ ചിത്രകലയില്‍ താല്‍പര്യം കാണിച്ചിരുന്നു. ആര്‍ട്ട് ക്ലാസ്സുകളിലൊന്നും ഞാന്‍ പോയിട്ടില്ല അതുകൊണ്ട് തന്നെ അതിന്റെ പ്രൊഫഷണല്‍ സൈഡ് അറിയില്ലായിരുന്നു. യൂട്യൂബ് നോക്കിയാണ് പല കാര്യങ്ങളും മനസ്സിലാക്കിയത്. 2018 മുതലാണ് ഇലയില്‍ ചെയ്തു തുടങ്ങിയത്. 2020-ല്‍ ഓലയിലും വര്‍ക്ക് ചെയ്തു തുടങ്ങി.ഡിജിറ്റല്‍ യുഗത്തില്‍ ഒരുപാട് പ്ലാറ്റ്‌ഫോംസ് വന്നിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് ഹാന്‍ഡ് മെയ്ഡ് ആയിട്ടുള്ള ഉത്പന്നങ്ങളോട് കൂടുതല്‍ താല്പര്യമുണ്ട്. അതുപോലെ തന്നെ പലര്‍ക്കും ഒരു പുതുമയുള്ള ഒരു മീഡിയമാണ് ലീഫ്. കൂടുതല്‍ ആളുകള്‍ ലീഫ് ആര്‍ട്ട് തിരഞ്ഞെടുക്കുന്നതും അതുകൊണ്ടാണ്.ഈ കാലത്ത് നമ്മുടെ കഴിവ് മറ്റുള്ളവര്‍ ശ്രദ്ധിക്കണമെങ്കില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. അല്ലെങ്കില്‍ ചെയ്യുന്ന വര്‍ക്ക് എക്‌സ്ട്രാഓര്‍ഡിനറിയായി ചെയ്യാന്‍ ശ്രമിക്കണം. തുടക്കത്തില്‍ ഒരുപാട് മീഡിയങ്ങളില്‍ ചിത്രകല പരീക്ഷിച്ചു നോക്കിയിരുന്നു. അവസാനമാണ് ഇലകളില്‍ ചിത്രം വെട്ടിയെടുക്കാന്‍ തുടങ്ങിയത്.തുടക്കത്തില്‍ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. പ്രത്യേകിച്ചും ഇത് മുറിക്കുവാനുള്ള ടൂള്‍, വരച്ച് കഴിഞ്ഞ വര്‍ക്ക് കേട് കൂടാതെ എങ്ങനെ സൂക്ഷിക്കും എന്നുള്ളതെല്ലാം. നിരന്തരമായി പരിശീലിച്ചാണ് എല്ലാം പഠിച്ചെടുത്തത്''- മനു പറയുന്നു.
കടല്‍ കടന്ന് വത്തിക്കാനില്‍
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖം ആലിലയില്‍ തയ്യാറാക്കിയത് വത്തിക്കാനില്‍ അദ്ദേഹത്തിന്റെ കരങ്ങളിലെത്തിക്കാന്‍ മനുവിന് കഴിഞ്ഞു. 2023 സെപ്റ്റംബറില്‍ ആയിരുന്നു ഇത്. 2024 ജൂണില്‍ ഷഹനാസ് ട്രഷറി എന്ന യൂട്യൂബര്‍ മനുവിന്റെ ഇലച്ചിത്രങ്ങള്‍ തന്റെ വ്‌ലോഗില്‍ ഉള്‍പ്പെടുത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും മനുവിന്റെ ഇലച്ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. ഉത്തരേന്ത്യക്കാരാണ് കൂടുതലും ഓര്‍ഡര്‍ നല്‍കുന്നത്. ആഘോഷങ്ങള്‍ക്ക് മാത്രമല്ല പ്രിയപ്പെട്ടവര്‍ക്ക് പിറന്നാള്‍ സമ്മാനമായും മറ്റും നല്‍കാനും ഓര്‍ഡര്‍ ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് ഇലച്ചിത്രങ്ങള്‍ തയ്യാറാക്കി ഫ്രെയിം ചെയ്ത് നല്‍കുകയാണ് പതിവ്. ഇതുവരെ 500-ലധികം വര്‍ക്കുകള്‍ ഇലകളിലും50-ല്‍ പരം വര്‍ക്കുകള്‍ ഓലയിലുമായി മനു ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ക്കുകള്‍ അമേരിക്കയില്‍ നിന്നാണ് ലഭിച്ചത്.
അത്ര എളുപ്പമല്ല ലീഫ് ആര്‍ട്ട്
മണിക്കൂറുകളുടെ അധ്വാനവും നിരീക്ഷണവും ശ്രദ്ധയും വേണ്ട ഒന്നാണ് ലീഫ് ആര്‍ട്ട്. ഓലയിലെ വര്‍ക്കിന് ഏഴോ, എട്ടോ മണിക്കൂറുകള്‍ വരെയെടുക്കും. ഇലകളാണെങ്കില്‍ ജലാംശവും പച്ചപ്പും മാറാന്‍ പുസ്തകത്തിനകത്തോ മറ്റോ രണ്ടുദിവസം വെച്ച് ഉണക്കിയെടുക്കണം. ഇതില്‍ പേനകൊണ്ട് ചിത്രം വരച്ച ശേഷം പെന്‍ നൈഫ് എന്ന ടൂള്‍ ഉപയോഗിച്ച് വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഛായ തന്നെ മാറാം. അതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് കാര്‍വ് ചെയ്യേണ്ടത്. കണ്ണടയോ മറ്റു ഉപകരണങ്ങളോ ഇല്ലാതെയാണ് മനു ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. ആല്‍, ആഞ്ഞിലി, പ്ലാവ്, തേക്ക് എന്നീ ഇലകളാണ് ഉപയോഗിക്കുന്നത്. ഉണക്കുമ്പോള്‍ കട്ടിയുറയുന്ന തേക്കിന്റെ ഇലയില്‍ ചെയ്യാനാണ് കൂടുതല്‍ ബുദ്ധിമുട്ട്. പൂപ്പല്‍ ബാധയോ മറ്റുമില്ലാതെ പ്രിസര്‍വ് ചെയ്താണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ഫ്രെയിം ചെയ്ത് നല്‍കുമ്പോള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുകയും ചെയ്യും. 1200 രൂപ മുതലാണ് ഇലച്ചിത്രങ്ങളുടെ വില.
നേട്ടങ്ങളേറെ
ഹിസ്റ്ററി ചാനലിലെ ഒരു ടാലന്റ് ഷോയില്‍ മനുവിന്റെ വര്‍ക്ക് ഡോക്യുമെന്ററി പോലെ വന്നു. ലീഫ് ആര്‍ട്ടില്‍ തന്നെ യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് നേടി. മാത്യു തോമസ് നായകനായ 'കപ്പ്' എന്ന സിനിമയില്‍ ലീഫ് ആര്‍ട്ട് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളെ വരച്ച വര്‍ക്കുകള്‍ പലതും അവരുടെ സോഷ്യല്‍ മീഡിയാ ഹന്‍ഡിലില്‍ പങ്കുവെച്ചു.
ബികോം ബിരുദധാരിയായ മനു ബാങ്കിങ് മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.ജോലിയോടൊപ്പം ഇലച്ചിത്രം തയ്യാറാക്കുന്നതിലെ പരിമിതി കാരണം ജോലി ഉപേക്ഷിച്ച് പാഷന്‍ തന്നെ പിന്തുടരുകയായിരുന്നു. തുടക്കം മുതല്‍ വീട്ടുകാര്‍ നല്ല പിന്തുണയാണ് നല്‍കിയത്. ഇപ്പോള്‍ ചിത്രകാരി കൂടിയായ ഭാര്യ ശ്രീലക്ഷ്മിയും ഒപ്പമുണ്ട്.
ഭാവിയില്‍ ഒരു ആര്‍ട്ട് ഷോപ്പ് ഇടണം എന്നാണ് മനുവിന്റെ ആഗ്രഹം. ലീഫ് ആര്‍ട്ട് തന്നെ പുതിയ തലങ്ങളിലേക് കൊണ്ട് പോയി കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യണം. അതുപോലെ ലീഫ് ആര്‍ട്ട് താത്പര്യമുള്ളവര്‍ക്കായി തന്നെക്കൊണ്ട് പറ്റുന്ന പോലെ അറിവുകള്‍ പങ്കിടാന്‍ ശ്രമിക്കുമെന്നും മനു പറയുന്നു.
Published: 19 Oct 2025, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented