
ലളിത് മോദിയും കാമുകിയും/ ലളിത് മോദി വിജയ് മല്ല്യയ്ക്കൊപ്പം | Photo: instagram/ lalit modi
63-ാം ജന്മദിനം ലണ്ടനില്‍ ആഘോഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്‍മാന്‍ ലളിത് മോദി. വാരാന്ത്യത്തില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ അടുത്ത സുഹൃത്തായ പിടികിട്ടാപ്പുള്ളിയും വ്യവസായിയുമായ വിജയ് മല്ല്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മെയ്‌ഫെയറിലെ മാഡോക്‌സ് ക്ലബ്ബിലായിരുന്നു ആഘോഷം.
കെയ്ക്ക് മുറിക്കുന്നതിന്റേയും അതിഥികളോടൊപ്പം നൃത്തം ചെയ്യുന്നതിന്റേയും വീഡിയോകള്‍ ലളിത് മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഈ നൈറ്റ് ക്ലബ്ബില്‍ ഒരു ടേബിളിലെ ഭക്ഷണത്തിന് ഏകദേശം 1.18 ലക്ഷം രൂപ ചെലവ് വരും. 'ഹാപ്പി ബര്‍ത്‌ഡേ, ലളിത്. കിംഗ് ഓഫ് സ്‌മൈല്‍സ്' എന്ന വരി ആവര്‍ത്തിക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ഒരു ജന്മദിന ഗാനം വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. സുഹൃത്തുക്കള്‍ക്കും ഡിസ്‌കോ ലൈറ്റുകള്‍ക്കും ആഘോഷ അലങ്കാരങ്ങള്‍ക്കുമിടയില്‍ മോദി പാര്‍ട്ടി ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്.
ഇതിനൊപ്പം ജിവിത പങ്കാളി റിമോ ബൗറിക്ക് നന്ദി പറഞ്ഞ് ഒരു കുറിപ്പും ലളിത് മോദി പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം മനോഹരമായ ഒരു വീക്കെന്‍ഡ് പാര്‍ട്ടി. എന്റെ പ്രിയപ്പെട്ടവളേ, നീ എനിക്കായി മനോഹരമായൊരു പാര്‍ട്ടിയാണ് സംഘടിപ്പിച്ചത്'-ലളിത് മോദി കുറിച്ചു.
ഇതിന് മുമ്പ് ജൂലായില്‍ ലണ്ടനിലെ ഒരു ആഡംബര സ്വകാര്യ ചടങ്ങില്‍ വെച്ച് മോദിയും മല്യയും ഫ്രാങ്ക് സിനത്രയുടെ 'മൈ വേ' എന്ന ഗാനം ആലപിക്കുന്ന വീഡിയോ ചര്‍ച്ചയായിരുന്നു. മോദി തന്റെ 'വാര്‍ഷിക സമ്മര്‍ പാര്‍ട്ടി' എന്ന് വിശേഷിപ്പിച്ച ഈ കരോക്കെ രാത്രി അദ്ദേഹത്തിന്റെ ലണ്ടനിലെ വസതിയിലാണ് സംഘടിപ്പിച്ചത്. വിദേശത്ത് നിന്ന് എത്തിയവര്‍ ഉള്‍പ്പെടെ 310-ല്‍ അധികം അതിഥികള്‍ ഇതില്‍ പങ്കെടുത്തു. ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ പങ്കെടുത്തവരില്‍ ഉണ്ടായിരുന്നു. 'മനോഹരമായ സായാഹ്നത്തിന്' നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം മോദിക്കും മല്യക്കും ഒപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: lalit modis lavish london birthday
Published: 02 Dec 2025, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented