കഴിഞ്ഞ വർഷമാണ് മാധ്യമപ്രവർത്തകൻ ലക്ഷ്മി മഞ്ചുവിനെ അപമാനിച്ചത്

മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് താരമാണ് ലക്ഷ്മി മഞ്ചു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ ഒട്ടേറെ ചിത്രങ്ങൾക്ക് പുറമെ ഹോളിവുഡ് ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തന്നെ അധിക്ഷേപിച്ച് സംസാരിച്ച മാധ്യമപ്രവർത്തകനെതിരെ ലക്ഷ്മി പരാതി നൽകിയതും തുടർന്ന് മാധ്യമപ്രവർത്തകൻ മാപ്പ് പറഞ്ഞതുമെല്ലാം വാർത്തയായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.
മാധ്യമപ്രവർത്തകൻ അപമാനിച്ചപ്പോൾ തന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന് ലക്ഷ്മി മഞ്ചു തുറന്ന് പറഞ്ഞു. സംഭവം വിവാദമായതിന് ശേഷം മാധ്യമപ്രവർത്തകൻ ലക്ഷ്മി മഞ്ചുവിനോട് മാപ്പ് പറഞ്ഞിരുന്നു. ഇക്കാര്യം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പോസ്റ്റ് നീക്കം ചെയ്യാൻ പ്രസ് അസോസിയേഷൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ലക്ഷ്മി മഞ്ചു പറഞ്ഞു.
'ഒരുമാസം കഴിഞ്ഞാണ് അയാൾ എന്നോട് മാപ്പ് പറഞ്ഞത്. ആ മാപ്പ് ഞാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. തുടർന്ന് എനിക്ക് പ്രസ് അസോസിയേഷനിൽ നിന്ന് ഫോൺകോൾ ലഭിച്ചു. ട്വിറ്ററിലെ പോസ്റ്റ് നീക്കം ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അയാൾക്ക് വിഷമമുണ്ടാക്കുന്നു എന്നാണ് അവർ അതിന് പറഞ്ഞ കാരണം. നൂറ് കണക്കിന് ആളുകൾക്ക് മുന്നിൽ വെച്ച് അയാൾ എന്നെ അപമാനിക്കുമ്പോൾ എനിക്കും വിഷമം തോന്നില്ലേ?' -ലക്ഷ്മി മഞ്ചു പറഞ്ഞു.
Also Read: 'പതിനഞ്ചാം വയസിൽ ലൈംഗികാതിക്രമം നേരിട്ടു'; നടുക്കുന്ന ഓർമ പങ്കുവെച്ച് നടി ലക്ഷ്മി മഞ്ചു
സംഭവമുണ്ടായ ശേഷം താൻ എല്ലാ സംഘടനകളേയും സമീപിച്ചിരുന്നു. എന്നാൽ ആരും തന്നെ സഹായിച്ചില്ല. താൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. 25 ഓളം ആളുകളുടെ പേര് പറയാൻ കഴിയും. ഒടുവിൽ താൻ തന്നെ വിജയിച്ചു. ഉത്തരവാദിത്തം എല്ലാ മേഖലകളിലുമുണ്ടാകണം. താൻ എന്തെങ്കിലും തെറ്റായി പറഞ്ഞാൽ തന്നേയും ചോദ്യം ചെയ്യണമെന്നും ലക്ഷ്മി മഞ്ചു കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ലക്ഷ്മി മഞ്ചു ഇക്കാര്യങ്ങൾ പറഞ്ഞത്. ആഹാ ഒടിടിയിൽ വരാനിരിക്കുന്ന ടോപ് തെലുഗു ഇൻഫ്‌ളുവൻസർ എന്ന തന്റെ ഷോയുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു വാർത്താ സമ്മേളനം.
കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ലക്ഷ്മി മഞ്ചുവിനെ അവഹേളനപരമായ പരാമർശം മാധ്യമപ്രവർത്തകന്റെ ഭാഗത്തുനിന്നുണ്ടായത്. സിനിമാ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ തന്റെ വസ്ത്രധാരണത്തെ കുറിച്ചും പ്രായത്തെ കുറിച്ചുമെല്ലാമാണ് മോശമായ രീതിയിൽ മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചത്. അതിന് അവിടെ വെച്ച് തന്നെ നടി രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയും പിന്നീട് മാധ്യമപ്രവർത്തകനെതിരെ തെലങ്കാന ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിൽ (ടിഎഫ്‌സിസി) പരാതി നൽകുകയും ചെയ്തിരുന്നു.
Also Read: 'ബോഡി ഷെയ്മിങ്' പരാമർശം: മാധ്യമപ്രവർത്തകനെതിരെ പരാതി നൽകി നടി ലക്ഷ്മി മഞ്ചു
മുംബൈയിലേക്കുള്ള മാറ്റം ലക്ഷ്മിയുടെ വസ്ത്രധാരണത്തേയും മാറ്റിയെന്ന ആമുഖത്തോടെയായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ഇതിന് മുംബൈയിലേക്ക് മാറുംമുമ്പ് താൻ ഏറെക്കാലം അമേരിക്കയിൽ കഴിഞ്ഞിരുന്നുവെന്ന് ലക്ഷ്മി മറുപടി നൽകി. ഇപ്പോഴത്തെ തന്റെ രൂപത്തിൽ എത്തിച്ചേരാൻ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ആഗ്രഹിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും ലക്ഷ്മി പറഞ്ഞു.
ഇതിനിടെ വീണ്ടും ലക്ഷ്മിയുടെ പ്രായത്തേക്കൂടി ബന്ധിപ്പിച്ച് റിപ്പോർട്ടർ വീണ്ടും അതേ ചോദ്യമുയർത്തി. അമ്പതിലേക്ക് അടുത്തിരിക്കുന്ന, ഒരു പെൺകുട്ടിയുടെ അമ്മയായ ലക്ഷ്മിയുടെ വസ്ത്രധാരണത്തിൽ ആളുകൾ കമന്റ് ചെയ്യുമെന്ന് റിപ്പോർട്ടർ പറഞ്ഞപ്പോളാണ് ലക്ഷ്മി രൂക്ഷമായി പ്രതികരിച്ചത്. ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കുമോയെന്നും എന്ത് ധൈര്യത്തിലാണ് ഈ ചോദ്യം ചോദിച്ചതെന്നും ലക്ഷ്മി ചോദിച്ചു.
മഹേഷ് ബാബു, നിങ്ങൾക്ക് അമ്പത് വയസ്സായല്ലോ, എന്തുകൊണ്ടാണ് ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് എന്ന് ചോദിക്കുമോ? പിന്നെങ്ങനെ അതേചോദ്യം ഒരു സ്ത്രീയോട് ചോദിക്കും. ഒരു മാധ്യമപ്രവർത്തകനെന്ന നിലയ്ക്ക് അൽപം കൂടി ഉത്തരവാദിത്തം കാണിക്കൂ- എന്നാണ് ലക്ഷ്മി പ്രതികരിച്ചത്. എന്നാൽ താനൊരിക്കലും ഒരു പുരുഷനോട് ഈ ചോദ്യം ചോദിക്കില്ലെന്നും സാമൂഹികമാധ്യമത്തിൽ സമാനമായ ചോദ്യങ്ങൾ ലക്ഷ്മി നേരിടുന്നതിനാലാണ് അത് ചോദിച്ചതെന്നും റിപ്പോർട്ടർ പറഞ്ഞു.
Content Highlights: Actress Lakshmi Manchu revealed that no organization supported her when a journalist insulted her over her age and attire. After the reporter apologized a month later, she posted it on Twitter, but the Press Association pressured her to delete it.
Published: 24 Jun 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented