
| കോട്ടയ്ക്കൽ: ഉമ്മയുടെ ഫോണിൽ ആരോ ഷെയർചെയ്ത വീഡിയോ.... അതുകണ്ടപ്പോൾ ഹിഷാം തുള്ളിച്ചാടി, തന്റെ ’ട്വിൻബ്രദറാ’യ ഹാഷിമിനെ കൈപിടിച്ചുകൊണ്ടുവന്ന് അതുകാണിച്ചു: ’നോക്ക് മ്മളെ നാടും വൈറലായെടാ...’, കൊടിഞ്ഞിയിലെ മച്ചിങ്ങൽ വീടിന്റെ ഉമ്മറത്തുനിന്നുള്ള കാഴ്‌ചയാണിത്. ഇരട്ടകളുടെ ഗ്രാമമെന്നപേരിൽ പ്രസിദ്ധമായ കൊടിഞ്ഞി ഇപ്പോൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നത് വൈറലായ ഒരു വീഡിയോയിലൂടെയാണ്. ’ഇരട്ടമൂല്യവും’ ’ഇരട്ട ഓഫറുകളും’ വാഗ്‌ദാനംചെയ്തുകൊണ്ടുള്ള ഫ്ളിപ്കാർട്ടിന്റെ പുതിയ പരസ്യവീഡിയോ ആണ് കൊടിഞ്ഞിക്ക് വീണ്ടും ശ്രദ്ധ നേടിക്കൊടുക്കുന്നത്. സ്വന്തം നാടിനെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ വന്നതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് ഹിഷാമും മുഹമ്മദ് ഹാഷിമും പറഞ്ഞു. മച്ചിങ്ങൽ അബ്ദുൾഗഫൂർ-മുനീറ ദമ്പതിമാരുടെ മക്കളായ ഇവർ പനയ്ക്കത്താഴം എ.എം.എൽ.പി.സ്‌കൂൾ നാലാംക്ലാസ് വിദ്യാർഥികളാണ്. ഒരേ മുഖച്ഛായയുള്ള ഇരട്ടപ്പൊന്നോമനകൾ, അവർ ഒരേനിറമുള്ള വസ്ത്രമണിഞ്ഞ് ഒരേ മനസ്സോടെ സഞ്ചരിക്കുന്ന നാട്, കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്നവരിലുമുണ്ട് ഇരട്ടകൾ-ഈ നാടിന്റെ ഒരു ചിത്രമാണ് എറണാകുളത്തു ചിത്രീകരിച്ച പരസ്യചിത്രത്തിലുള്ളത്. 400 ജോഡി ഇരട്ടകൾ 2000 കുടുംബങ്ങളുള്ള കൊടിഞ്ഞി ഗ്രാമത്തിൽ നാനൂറിലേറെ ജോഡി ഇരട്ടകളാണുള്ളതെന്ന് വീഡിയോയിൽ കാണിക്കുന്നു. എന്നാൽ യഥാർഥത്തിൽ ആയിരത്തിലേറെ ജോഡികളുണ്ടെന്നും പഞ്ചായത്തധികൃതർ ഇതേക്കുറിച്ച് ഒരു കണക്കെടുപ്പ് നടത്തുന്നത് നന്നാകുമെന്നും ഇരട്ടകൾക്കായുള്ള ട്വിൻസ് ആൻഡ് കിൻസ് അസോസിയേഷൻ (ടാക) എന്ന സംഘടനയുടെ പ്രസിഡന്റ് ഭാസ്‌കരൻ പുല്ലാനി പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് പരിധിയിൽവരുന്ന സ്ഥലമാണ് കൊടിഞ്ഞി. കൊടിഞ്ഞി ശ്രദ്ധിക്കപ്പെടുന്നതിൽ ഭാസ്‌കരനും ’ഹാപ്പി’യാണ്. അനു ഭാസ്‌കർ, അഭി ഭാസ്‌കർ എന്നിങ്ങനെ ഇരട്ടകളായ രണ്ടുമക്കൾ ഭാസ്‌കരനുമുണ്ട്. ’അന്നുമുതലേ ഫെയ്‌മസാ...’ ആഗോള ശരാശരിയേക്കാൾ ഉയർന്നതാണ് ഇവിടത്തെ ഇരട്ട ജനനനിരക്ക്. 1949-ൽ ആരംഭിക്കുന്നു കൊടിഞ്ഞിയുടെ ഇരട്ടപ്പെരുമ. എന്നാൽ 2006-ൽ ഐ.ഐ.സി. സ്‌കൂളിലെ വിദ്യാർഥിനികളായ സമീറ, ഫെമീന എന്നിവർ തങ്ങളുടെ ക്ലാസിൽമാത്രം എട്ടുജോഡി ഇരട്ടകളുണ്ടെന്നു കണ്ടെത്തുകയും അത് വാർത്തയാകുകയും ചെയ്തതോടെയാണ് ഇക്കാര്യം വലിയ ശ്രദ്ധനേടുന്നത്. ദേശീയതലത്തിൽ 1000 പ്രസവങ്ങളിൽ നാല് ഇരട്ടകൾ എന്ന നിരക്കാണെങ്കിൽ, കൊടിഞ്ഞിയിൽ അത് ആയിരത്തിൽ നാൽപ്പത്തഞ്ചോളം വരും. ലോകത്തിൽ ഏറ്റവും കൂടുതൽ ഇരട്ടകൾ ജനിക്കുന്ന നാലോ അഞ്ചോ സ്ഥലങ്ങളിലൊന്നാണ് കൊടിഞ്ഞി. ഈ ഇരട്ടപ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ ജർമൻ ഗവേഷകരുൾപ്പെടെ പലരും ഇവിടെവന്ന് പഠനങ്ങൾ നടത്തിയിരുന്നെങ്കിലും കൃത്യമായ ഒരുത്തരം ലഭിച്ചിട്ടില്ല.
|
Content Highlights: Kodinji village in Kerala is globally recognized for its unusually high rate of twin births., A recent Flipkart advertisement featuring the village has brought Kodinji back into the spotlight
Published: 09 May 2026, 12:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented