
കൊല്ലം: അമ്മ വിജി പ്രസാദിനൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ആദ്യമെത്തിയത് സിതാരയും സായൂജ്യയും. പിന്നാലെ അന്നയും അലീനയും സോനയും സറീനയും ആൽഫിൻ സി. സോജനും അലോക് സി. സോജനും. നീറ്റ് പരീക്ഷ നടന്ന എഴുകോൺ ഗവ. പോളിടെക്‌നിക് സെന്ററിൽ ഒന്നിനുപിന്നാലെ ഒന്നായി എത്തിയത് 24 ജോടി ഇരട്ടക്കുട്ടികൾ.
തിരിച്ചറിയാൻ കഴിയാത്തത്ര സാമ്യമുള്ള കുട്ടികളെക്കണ്ട് പരീക്ഷാജോലിക്കെത്തിയവരും സുരക്ഷയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരും അമ്പരന്നു. 144 പേർക്കാണ് പോളിടെക്‌നിക് പരീക്ഷാകേന്ദ്രമായി അനുവദിച്ചിരുന്നത്. അതിൽ 102 പേർ പരീക്ഷയ്ക്കെത്തി. അവരിൽ 35 ജോടി ഇരട്ടകളുണ്ടായിരുന്നു.
എന്നാൽ പരീക്ഷയ്ക്കെത്തിയത് 24 ജോടികൾ. ബാക്കി 11 ജോടി ഇരട്ടകളിൽ ചിലർ ഒറ്റയ്ക്കും പരീക്ഷയ്ക്കെത്തി. മക്കൾ പരീക്ഷയെഴുതാൻ പോയതോടെ ഇരട്ടകളുടെ രക്ഷിതാക്കൾ വിശേഷങ്ങൾ പങ്കിടലായി. റദ്ദാക്കിയ നീറ്റ് പരീക്ഷയിൽ, ഇരട്ടകളിൽ പലരും പലയിടങ്ങളിലാണ് പരീക്ഷയെഴുതിയത്. രണ്ടുപേരെയും പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുവരാനും പെട്ട പാട് പലരും പങ്കിട്ടു.
പറഞ്ഞുതീരാത്തത്ര ’ഇരട്ടവിശേഷ’ങ്ങളുള്ളതിനാൽ അമ്മമാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് നിമിഷങ്ങൾക്കുള്ളിൽ പിറന്നു. വിശ്രമിക്കാനും ഉച്ചഭക്ഷണം കഴിക്കാനും പോളിക്ക് തൊട്ടടുത്തുള്ള കുഴയ്ക്കാട്ടുപുത്തൻവീട്ടിൽ എത്തുമ്പോൾ അവിടെ കാത്തിരുന്നതും ഇരട്ടകളിലൊരാൾ. കുടുംബനാഥയായ സുജാത തന്റെ അന്തരിച്ച ഇരട്ടസഹോദരിയായ സുമംഗലയെപ്പറ്റിയും പറഞ്ഞു.
ഭക്ഷണംകഴിഞ്ഞ്, ഒരുമിച്ചു ചായയുംകുടിച്ച് മക്കൾ പരീക്ഷകഴിഞ്ഞിറങ്ങുന്നതും കാത്തിരിപ്പായി രക്ഷിതാക്കൾ പിന്നെ. പരീക്ഷയെപ്പറ്റിയുള്ള ആശങ്കയേതുമില്ലാതെ സ്നേഹവും സൗഹൃദവും നിറഞ്ഞ മണിക്കൂറുകൾ. പരീക്ഷകഴിഞ്ഞ് മക്കളെത്തുമ്പോൾ പരസ്പരം പരിചയപ്പെടുത്താനും സെൽഫിയെടുക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തി. മിക്കവരും മടങ്ങിയതും ഒരുമിച്ചുതന്നെ.
Content Highlights: 24 pairs of twins appeared for the NEET exam at Ezhukone Govt Polytechnic. Out of 102 candidates present, a significant portion were twins. Parents formed a support group to share experiences of managing twins' education. The event turned a stressful exam day into a community-building experience.
Published: 22 Jun 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented