കുട്ടിക്കാലത്ത് രൂപത്തിന്റെ പേരിൽ നേരിട്ട പരിഹാസങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ സിദ്ധാന്ത് ചതുർവേദി. രൂപത്തേച്ചൊല്ലിയുള്ള പരിഹാസങ്ങൾ തന്റെ ആത്മവിശ്വാസം കെടുത്തിയിരുന്നുവെന്ന് സിദ്ധാന്ത് പറഞ്ഞു. ദോ ദീവാനെ സെഹർ മേം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കവേയാണ് സിദ്ധാന്ത് ഇതേക്കുറിച്ച് മനസ്സുതുറന്നത്.

To advertise here,

സ്കൂൾ കാലങ്ങളിൽ തന്റെ ചുരുണ്ടമുടിയേച്ചൊല്ലി പലരും കളിയാക്കിയിരുന്നു. അതത്ര എളുപ്പവുമായിരുന്നില്ല. ഷാരൂഖ് ഖാനേയും ഷാഹിദ് കപൂറിനേയും പൊലെ സിൽക്കി മുടി തരംഗമായിരുന്ന കാലത്താണ് താൻ ചുരുണ്ട മുടിയുമായി വന്നിരുന്നത്. പരിഹാസം മടുത്ത് വീട്ടിൽവച്ച് മുടി സ്ട്രെയിറ്റൻ ചെയ്യാൻപോലും ശ്രമിച്ചിട്ടുണ്ടെന്ന് സിദ്ധാന്ത് പറഞ്ഞു.

പത്താംക്ലാസിലെ ഫെയർവെൽ ദിനത്തിലെടുത്ത ചിത്രംപോലും ഒരുകാലത്ത് താൻ നല്ലതല്ലെന്നും സമൂഹികമാധ്യമത്തിൽ പങ്കുവെക്കാൻ പറ്റുന്നതല്ലെന്നും കരുതിയിരുന്നതായി സിദ്ധാന്ത് പറയുന്നു. ചുരുണ്ടമുടിയുടെ പേരിൽ വർഷങ്ങളോളം തനിക്ക് കഥാപാത്രങ്ങൾ തിരസ്കരിക്കപ്പെട്ടിരുന്നു. അഭിനയിക്കാനുള്ള കഴിവിനല്ല മറിച്ച് രൂപഭംഗിക്കാണ് അവർ പ്രാധാന്യം നൽകിയത്. ചുരുണ്ടമുടിയുള്ളവർക്ക് ഹീറോയാകാനാവില്ല എന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ധാന്ത് ഓർക്കുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റ് ജോലിയോട് വിടപറഞ്ഞ് സിനിമയിൽ ഭാഗ്യംപരീക്ഷിക്കാനിറങ്ങിയ കാലത്താണ് ഈ വിമർശനം നേരിട്ടത്. പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിനായി തന്നെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും മാസങ്ങളോളം അതിനായുള്ള വർക്ഷോപ്പിന്റെ ഭാഗമാവുകയും ചെയ്തു. എന്നാൽ സ്ക്രീൻടെസ്റ്റിനുശേഷം നിർമാതാവ് തന്നെ തിരഞ്ഞെടുത്തില്ല. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് ചുരുണ്ടമുടിയുള്ളവർ ഹീറോകൾ ആവില്ലെന്ന് പറഞ്ഞത്. ഞെട്ടലോടെയാണ് അതുകേട്ടത്. പ്രകടനത്തേക്കാൾ കാണാൻ എങ്ങനെയിരിക്കുന്നു എന്നതിന് പ്രാധാന്യം കൊടുക്കുന്നതാണ് ഏറെ വേദനിപ്പിച്ചതെന്നും സിദ്ധാന്ത് പറയുന്നു.

മറ്റൊരിക്കൽ ഓഡിഷന് മുന്നോടിയായി മുടി സ്ട്രെയിറ്റൻ ചെയ്താണ് പോയത്. എന്നാൽ അന്നും തിരസ്കരണമായിരുന്നു നേരിട്ടതെന്ന് സിദ്ധാന്ത് പറയുന്നു. മുടി കൂടുതൽ നീണ്ടുപോയി എന്നുപറഞ്ഞാണ് അന്ന് പറഞ്ഞയച്ചത്. എന്താണ് സത്യത്തിൽ തന്നെ തിരസ്കരിക്കാനുള്ള യഥാർഥ കാരണം എന്ന് ആലോചിച്ച് ഒരുപാട് നിരാശപ്പെട്ടിട്ടുണ്ടെന്നും ഒരുഘട്ടത്തിൽ വീട്ടിലെത്തി മുടിപാടെ വടിച്ചുമാറ്റിയെന്നും സിദ്ധാന്ത് ഓർക്കുന്നു. അമ്മ തന്റെ ചുരുളൻമുടിയെ സ്നേഹിച്ചിരുന്നതുകൊണ്ടുതന്നെ മുടിയേക്കുറിച്ചുള്ള മോശം പരാമർശങ്ങൾ തന്നെ കൂടുതൽ വേദനിപ്പിക്കുകയാണ് ചെയ്തത്.

എന്നാൽ ക്രമേണ ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് തിരിച്ചറിഞ്ഞു. ഇന്ന് തന്റെ ചുരുണ്ടമുടിയും താൻ എങ്ങനെയാണോ കാണാൻ ഇരിക്കുന്നത് എന്നതുമൊക്കെ അംഗീകരിക്കാൻ പഠിച്ചവെന്നും താരം കൂട്ടിച്ചേർക്കുന്നു.