അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ വില്‍പത്രമെന്ന് കരുതപ്പെടുന്ന രേഖയില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ മക്കള്‍. വില്‍പത്രത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കരിഷ്മയുടെ മക്കളായ സമൈറയും കിയാനും ആശങ്ക പ്രകടിപ്പിക്കുന്നത്. വില്‍പത്രത്തിലെ അബദ്ധങ്ങള്‍ അതിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്നുവെന്നും അതൊരു വ്യാജരേഖയാണെന്നും അവരുടെ അഭിഭാഷകന്‍ വാദിച്ചു. കരിഷ്മയുടെ മക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കല്‍ തുടരുകയാണ്.

To advertise here,

സമൈറയ്ക്കും കിയാനുംവണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയാണ് ഹാജരായത്. കരിഷ്മയുമായുള്ള വിവാഹത്തില്‍ സഞ്ജയ്ക്കുണ്ടായ മക്കളെ സ്വത്തുക്കളിലെ അവകാശത്തില്‍നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് വില്‍പത്രം വ്യാജമായി ചമച്ചതെന്ന് കോടതിയില്‍ അദ്ദേഹം വാദിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. വില്‍പത്രം കെട്ടിച്ചമച്ചതാണെന്നും അതില്‍ അടിമുടി ഗുരുതരമായ അബദ്ധങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വില്‍പത്രം വ്യാജമായി ചമച്ചതിന്റെ പേരില്‍ സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ സച്ച്‌ദേവിലേക്കാണ് ആരോപണം നീളുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

'വില്‍പത്രത്തില്‍ അദ്ദേഹത്തിന്റെ മകളുടെ വിലാസം തെറ്റായാണ് നല്‍കിയിരിക്കുന്നത്. സഞ്ജയ് കപൂറിന് മകളുടെ വിലാസം അറിയാം. എന്നാല്‍ കരിഷ്മ കപൂറിന്റെ ഓഫീസ് വിലാസമാണ് വില്‍പത്രത്തിലുള്ളത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സഞ്ജയ് കപൂറിന് സംഭവിക്കാറില്ല. അദ്ദേഹത്തിന് മക്കളുമായി വളരെ നല്ല ബന്ധമായിരുന്നു. വില്‍പത്രത്തില്‍ പലയിടത്തും മകളുടെ വിലാസം തെറ്റായി എഴുതുകയും മകന്റെ പേര് തെറ്റായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുക? ഈ വില്‍പത്രം അന്തരിച്ച സഞ്ജയ് കപൂറിനെ അപമാനിക്കുന്ന തരത്തിലുള്ളതാണ്.' - ജഠ്മലാനി കോടതിയില്‍ വാദിച്ചു.

പ്രമുഖ വാഹന ഘടക നിര്‍മ്മാതാക്കളായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായ സഞ്ജയ് കപൂര്‍ കഴിഞ്ഞ ജൂണില്‍ ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. സഞ്ജയ് കപൂറിന്റെ രണ്ടാംഭാര്യയാണ് കരിഷ്മ കപൂര്‍. അവര്‍ക്ക് രണ്ട് മക്കളുണ്ട്. 2017-ലാണ് സഞ്ജയ് പ്രിയയെ വിവാഹം കഴിച്ചത്.

സഞ്ജയുടെയും കരിഷ്മയുടെയും മക്കളായ കിയാനും സമൈറയും വില്‍പത്രത്തിന്റെ ആധകാരികത ചോദ്യംചെയ്ത് സഞ്ജയുടെ രണ്ടാംഭാര്യ പ്രിയയ്‌ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. അതിനിടെ, പരേതനായ ഭര്‍ത്താവിന്റെ ആസ്തി വിവരങ്ങള്‍ പരസ്യമാക്കാതെ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ പിന്നീട് കോടതിയെ സമീപിച്ചിരുന്നു.