തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു ശ്രീദേവി. നിര്‍മാതാവ് ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. മക്കളായ ജാന്‍വിയും ഖുഷിയും അമ്മയുടെ പാത തന്നെയാണ് തിരഞ്ഞെടുത്തത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ഇവരിലുണ്ടാക്കിയ മാനസികാഘാതം വലുതായിരുന്നു. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരാധകരെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു അത്.

To advertise here,

സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും കുട്ടിക്കാലം മുതല്‍ ശ്രീദേവിയുടെ ആരാധകനായിരുന്നു. കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തുന്ന 'ടൂ മച്ച്' എന്ന ഷോയില്‍ ഇതിനെ കുറിച്ച് കരണ്‍ സംസാരിച്ചു. ശ്രീദേവിയോട് തനിക്ക് ഭ്രാന്തമായ ആരാധനായിരുന്നുവെന്നും ജാന്‍വിയോടുള്ള തന്റെ സംരക്ഷണ മനോഭാവം ആ ആരാധനയില്‍നിന്ന് വന്നതാണെന്നും കരണ്‍ ജോഹര്‍ പറയുന്നു.

പരിപാടിയുടെ അവതാരകയായ കജോളും ശ്രീദേവിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സംസാരിച്ചു. ശ്രീദേവിയെ ഫിലിം സിറ്റിയില്‍വെച്ച് ബാസിഗറിന്റെ ഷൂട്ടിങ്ങിനിടയില്‍ കണ്ടുമുട്ടിയ സംഭവമാണ് കജോള്‍ പങ്കുവെച്ചത്.

'അന്ന് എനിക്ക് 19 വയസ്സായിരുന്നു. ബാസിഗറിന്റെ ഷൂട്ടിങ്ങിലായിരുന്നു. ഇതിനിടയില്‍ ശ്രീദേവിയെ കണ്ടുമുട്ടിയ ഫിലിം സിറ്റിയിലായിരുന്ന ഞാന്‍ അമ്പരപ്പോടെ അച്ഛനെ വിളിച്ചു. 'അച്ഛാ, ശ്രീദേവി ഇവിടെയുണ്ട്! അച്ഛന്‍ ഉടന്‍ തന്നെ കാറെടുത്ത് ഇങ്ങോട്ട് വരണം' എന്ന് പറഞ്ഞു. ഒട്ടും സമയം പാഴാക്കാതെ അച്ഛന്‍ അവിടെ എത്തി. എനിക്ക് ശ്രീദേവിയെ കാണണമെന്നും അവരുടെ അടുത്തേക്ക് തന്നെ കൊണ്ടുപോകണമെന്നും ഞാന്‍ അച്ഛനോട് അഭ്യര്‍ത്ഥിച്ചു. അച്ഛന്‍ ശ്രീദേവിയുടെ അടുത്ത് കൊണ്ടുപോയി. അവര്‍ വാനിറ്റി വാനിലാണുണ്ടായിരുന്നത്. 'നിങ്ങള്‍ എപ്പോഴെങ്കിലും അഭിനയം പഠിപ്പിക്കാന്‍ സ്‌കൂള്‍ തുടങ്ങിയാല്‍ അതിലെ ആദ്യത്തെ വിദ്യാര്‍ഥി ഞാന്‍ ആയിരിക്കും' എന്ന് അവരോട് പറഞ്ഞു.'-കജോള്‍ പറയുന്നു.