ഡേവിഡ് ബെക്കാം, വിക്ടോറിയ ബെക്കാം ദമ്പതികളുടെ മകനായ ബ്രൂക്ക്‌ലിൻ ബെക്കാം മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2022-ൽ നിക്കോള പെൽറ്റ്‌സുമായി നടന്ന വിവാഹച്ചടങ്ങിൽ വിക്ടോറിയ അനുചിതമായി നൃത്തം ചെയ്തുവെന്നും പല സന്ദർഭങ്ങളിലും നിക്കോളയെ അവഗണിച്ചെന്നും ബ്രൂക്ക്‌ലിൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിച്ചു. സാമൂഹികമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രതികരണങ്ങളും നിലനിൽക്കെ പ്രശ്‌നത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണൗട്ട്.

To advertise here,

വിക്ടോറിയയും മരുമകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയായതിന് ശേഷമാണ് കങ്കണ വിക്ടോറിയയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. പിന്തുണ അറിയിക്കുക മാത്രമല്ല ഫാഷൻ ലോകത്തെ യഥാർത്ഥ രാജ്ഞി എന്ന് അവരെ വിശേഷിപ്പിക്കുക കൂടി ചെയ്തു. 2007-ലെ ടിവി പ്രോഗ്രാമിന്റെ വീഡിയോയുടെ കൂടെയാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ പിന്തുണ അറിയിച്ചത്‌. 'വിക്ടോറിയ ബെക്കാം: കമിങ് ടു അമേരിക്ക' എന്ന പരിപാടിയിൽ ഡ്രൈവിങ് ലൈസൻസിനായി ഫോട്ടോ എടുക്കുന്നത് പ്രൊഫഷണൽ ഫോട്ടോ ഷൂട്ടുമായി താരതമ്യം ചെയ്യുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.

അമ്മായിഅമ്മ- മരുമകൾ പ്രശ്‌നം വിബിയെ (വിക്ടോറിയ ബെക്കാം) വെറുക്കാൻ കാരണമാകില്ല. ഡ്രൈവിങ് ലൈസൻസിനായി ഫോട്ടോ എടുക്കുന്നതിനെ പ്രൊഫഷണൽ ഫോട്ടോഷൂട്ടായി കാണുന്ന ഒരാൾ യഥാർത്ഥ രാജ്ഞിയാണ്. കങ്കണ കുറിച്ചു. ഇതിന്റെ കൂടെ ടീം വിബി എന്ന ഹാഷ്ടാഗ് കൂടി കങ്കണ നൽകിയിരുന്നു.

വിവാഹദിവസം നിക്കോളയുമായിട്ടുള്ള ആദ്യ ഡാൻസ് വിക്ടോറിയ ബെക്കാം ഹൈജാക്ക് ചെയ്തു എന്നായിരുന്നു ബ്രൂക്ക്‌ലിൻ പോസ്റ്റ് ചെയ്തത്. ഇത് കാരണം വിവാഹവേദിയിൽ വെച്ച് ആകെ അപമാനിതനായത് പോലെ തോന്നിയെന്നും കുടുംബത്തിൽ അവഗണന നേരിട്ടെന്നും ബ്രൂക്ക്‌ലിൻ പറഞ്ഞിരുന്നു. കുടുംബത്തിനെതിരെയുള്ള ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയും ഇതുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും തമാശകളും പ്രചരിക്കുകയും ചെയ്തു.

ബ്രൂക്ക്‌ലിന്റെ ആരോപണങ്ങൾക്കെതിരെ ഇതുവരെ ബെക്കാം കുടുംബത്തിൽ നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാൽ ലോക സാമ്പത്തിക ഫോറത്തിൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ കുട്ടികൾ തെറ്റ് ചെയ്യുമെന്നും അങ്ങനെയാണ് അവർ പഠിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യമാണ് തന്റെ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും, ചിലപ്പോൾ അവരെ തെറ്റുകൾ വരുത്താൻ അനുവദിക്കാറുണ്ടെന്നും ഡേവിഡ് ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.