സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിനെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്. കാൺപുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിനിടെ വ്യാഴാഴ്ചയാണ് യുപി ഗവർണർ വിവാദ പരാമർശം നടത്തിയത്. ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകുന്നതിന് മുമ്പ് സ്ത്രീകൾ നല്ല അമ്മമാരാകണമെന്നും ഭക്ഷണം പാചകം ചെയ്യാൻ പഠിക്കണമെന്നുമായിരുന്നു ആനന്ദി ബെൻ പട്ടേൽ പറഞ്ഞത്.

To advertise here,

യുപി ഗവർണറുടെ പരാമർശത്തിനെതിരെ പലകോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് കങ്കണാ റണൗട്ട് പിന്തുണയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കുട്ടിക്കാലത്ത് തന്റെ സഹോദരൻ ക്രിക്കറ്റും ഫുട്‌ബോളും കളിച്ച് നടന്നപ്പോൾ താൻ പാവയുടെ അമ്മയായി കളിക്കുകയാണ് ചെയ്തിരുന്നത് എന്ന വിചിത്രമായ വാദമാണ് ഗവർണറെ പിന്തുണച്ചുകൊണ്ട് കങ്കണ പറഞ്ഞത്.

'കുട്ടികളായിരുന്നപ്പോൾ എന്റെ സഹോദരൻ ക്രിക്കറ്റും ഫുട്‌ബോളുമാണ് കളിച്ചിരുന്നത്. എന്നാൽ ഞാൻ ആ സമയം ശ്രദ്ധാപൂർവം പാവവീടുകൾ നിർമിക്കുകയായിരുന്നു, അവരുടെ വസ്ത്രങ്ങൾ തുന്നുകയായിരുന്നു, അവർക്ക് വേണ്ടി ഭക്ഷണമുണ്ടാക്കുകയായിരുന്നു. ഞാൻ ആ പാവക്കുട്ടികളുടെ അമ്മയായി അഭിനയിച്ച് കളിക്കുകയായിരുന്നു. ഇത് നമ്മൾ പഠിക്കേണ്ട ഒന്നല്ല. മനുഷ്യത്വത്തെ പരിപോഷിപ്പിക്കാനുള്ള കടമ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. അതാണ് നമ്മുടെ യഥാർഥ സ്വഭാവം. അതുകൊണ്ടാണ് സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത്. എന്നാൽ അതിനെല്ലാമപ്പുറം സ്‌നേഹിക്കാനും ഭക്ഷണം വിളമ്പി ഊട്ടാനും, നൃത്തം ചെയ്യാനും വളർത്താനും കഴിയുന്നത് വലിയ സന്തോഷമാണ്.' -ഇതാണ് കങ്കണ എക്‌സിൽ കുറിച്ചത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണാ റണൗട്ട് മറ്റൊരു കുറിപ്പാണ് പങ്കുവെച്ചത്.

'ഭക്ഷണമെന്നാൽ ഊർജമാണ്. നമ്മൾ ഒരാൾക്ക് വേണ്ടി പാചകം ചെയ്യുമ്പോൾ അയാളിലേക്ക് നമ്മൾ നമ്മളെ കൂടി എത്തിക്കുന്നു. തീർച്ചയായും പാചകത്തിന് ലിംഗഭേദമില്ല. എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടേയും രുചികളുടേയും ഗന്ധങ്ങളുടേയും വായിൽ വെള്ളമൂറുന്ന പാചകക്കുറിപ്പുകളുടേയുമെല്ലാം ലോകം എല്ലായ്‌പ്പോഴും പ്രതിധ്വനിപ്പിക്കുന്നത് സ്ത്രീത്വത്തെയാണ്. അത് ആരെയും വശീകരിക്കും. ഞങ്ങളുടെ രഹസ്യമന്ത്രമാണ് അത്. സ്ത്രീകൾ തങ്ങളുടെ പാചകവൈദഗ്ധ്യത്തിലും ഭക്ഷണമാകുന്ന ഊർജത്തിന്റെ രൂപത്തിലുള്ള ജീവശക്തികളിലെ തങ്ങളുടെ നൈപുണ്യത്തിലും അഭിമാനിക്കുന്നവരാണ്. ഇത് ആർക്കും ചെയ്യാം. പക്ഷേ, പ്രിയപ്പെട്ട സ്ത്രീകളേ, ഇതി നിങ്ങളിൽ നിന്ന് വഴുതിപ്പോകാൻ അനുവദിക്കരുത്. നിങ്ങളുടെ അധികാരം നിങ്ങളുടെ പക്കൽ തന്നെ നിലനിർത്തുക. നിങ്ങളുടെ പ്രിവിലേജുകളെ തള്ളിക്കളയാതിരിക്കുക.' -കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.