രാജ്യത്തെ നടുക്കിയ കൊലപാതകമാണ് കഴിഞ്ഞ മാസം പുണെയിൽ നടന്നത്. യുവവ്യവസായി കേതൻ അഗർവാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. അദ്ദേഹവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയുമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ സിയയും ചേതനും രഹസ്യമായി വിവാഹിതരായി എന്ന വിവരവും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട്.

To advertise here,

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. പുണെ കൊലപാതകത്തെ കുറിച്ചുള്ള വാർത്തയ്‌ക്കൊപ്പമാണ് താരം തനിക്ക് പറയാനുള്ളത് പങ്കുവെച്ചത്. യാഥാസ്ഥിതികമായി ജീവിച്ചാൽ ജയിൽജീവിതവും വിഷാദവുമെല്ലാം ഒഴിവാക്കാമെന്ന ഉപദേശമാണ് കുറിപ്പിലൂടെ കങ്കണ യുവതലമുറയ്ക്ക് നൽകിയത്.

'വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഡേറ്റിങ് ആപ്പുകൾ, ബെഞ്ചിങ്, ഗോസ്റ്റിങ്, രണ്ടക്കം അല്ലെങ്കിൽ മൂന്നക്കമുള്ള ബോഡി കൗണ്ടുകൾ, ക്രംബിങ്, സീയിങ്, ടെസ്റ്റിങ്, ഫിൽട്ടറുകൾ, സ്റ്റോറികൾ, മയക്കുമരുന്നുകൾ, ക്ലബ്ബുകൾ... ഇതെല്ലാമുണ്ടായിട്ടും ആളുകൾക്ക് അതൊന്നും മതിയാകുന്നില്ല. ലക്ഷ്യബോധമില്ലാത്ത അഭിനിവേശം പലപ്പോഴും സ്വയം നശിപ്പിക്കുന്ന മാർഗങ്ങളിലേക്ക് നയിക്കും. അതുകൊണ്ട്, സ്വന്തം കരിയറിനോടോ എന്തെങ്കിലും കഴിവ് നേടുന്നതിനോടോ ആകണം അഭിനിവേശം.' -കങ്കണ പറഞ്ഞു.

'നിങ്ങളുടെ ഊർജം സൃഷ്ടിപരമായ പാതയിലേക്ക് തിരിച്ചുവിടണമെന്നാണ് യുവാക്കളോട് എനിക്ക് പറയാനുള്ളത്. തുറന്ന മനസോടെ ചിന്തിക്കുക. പക്ഷേ, യാഥാസ്ഥിതികമായ ജീവിതം നയിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ജയിൽജീവിതവും ബോറടിയും നെഗറ്റിവിറ്റിയും വിഷാദവും അതുപോലുള്ള പല കാര്യങ്ങളും ഒഴിവാക്കാൻ കഴിയും.' -കങ്കണ റണൗട്ട് തുടർന്നു.

അതേസമയം, കേതൻ അഗർവാൾ കൊലക്കേസിൽ കൂടുതൽ കാര്യങ്ങൾ പോലീസ് പുറത്തുവിട്ടു. കേതനുമായി വിവാഹനിശ്ചയം നടന്ന ശേഷം സിയയും ചേതനും രഹസ്യമായി വിവാഹം ചെയ്തുവെന്നും ഇതിന്റെ ചിത്രം സുഹൃത്തുക്കളിലൊരാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തുവെന്നുമാണ് പുതിയ കണ്ടെത്തലുകൾ. പ്രാദേശിക രജിസ്റ്റർ ഓഫീസിലായിരുന്നു വിവാഹം. സിയയുടെ രണ്ട് സുഹൃത്തുക്കളായിരുന്നു സാക്ഷികൾ. രജിസ്റ്റർ വിവാഹം ചെയ്യുമ്പോഴുള്ള പൊതു അറിയിപ്പ് ഒഴിവാക്കി വിവാഹം രഹസ്യമായി നടത്താൻ ഏതെങ്കിലും ഇടനിലക്കാർക്ക് പണം നൽകിയിട്ടുണ്ടോ എന്നാണ് ഇപ്പോൾ പോലീസ് പരിശോധിക്കുന്നത്. ഒപ്പം വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.