ഒരു കാലത്ത് സംഗീതലോകത്തെ പ്രണയജോഡികളായിരുന്നു ജസ്റ്റിന്‍ ബീബറും സെലീന ഗോമസും. ചെറിയ പ്രായത്തില്‍തന്നെ പ്രശസ്തിയിലേക്കുയര്‍ന്ന ഇരുവരും 2010 മുതലാണ് പ്രണയം തുടങ്ങിയത്. എന്നാല്‍ എട്ട് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം ഇരുവരും വഴിപിരിഞ്ഞു. പുതിയ പങ്കാളികളെ കണ്ടെത്തുകയും ചെയ്തു.

To advertise here,

മ്യൂസിക് പ്രൊഡ്യൂസറും ഗാനരചയിതാവുമായ ബെന്നി ബ്ലാങ്കോയാണ് സെലീനയുടെ പുതിയ കാമുകന്‍. അമേരിക്കന്‍ മോഡലായ ഹെയ്‌ലി ബാള്‍ഡ്‌വിനാണ് ബീബറുടെ പുതിയ പ്രണയിനി. ഇപ്പോഴിതാ തങ്ങളിരുവരും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ബീബറും ഹെയ്‌ലിയും. മറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ബീബര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വെള്ള ഗൗണ്‍ ധരിച്ചിരിക്കുന്ന ഹെയ്‌ലിയുടെ കുഞ്ഞുവയറും ചിത്രങ്ങളില്‍ കാണാം.

ഈ പോസ്റ്റിന് പിന്നാലെ സെലീനയും ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രമാണ് സെലീന പോസ്റ്റ് ചെയ്തത്. മറ്റൊരാളുടെ കൈയും ചിത്രത്തില്‍ കാണാം. സെലീനയുടെ കാമുകന്‍ ബെന്നിയാണ് കൂടെയുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. അതു മാത്രമല്ല, ബീബറിന്റെ പോസ്റ്റിനോടുള്ള സെലീനയുടെ പരിഹാസ പ്രതികരണമാണ് ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നും ആരാധകര്‍ വിലയിരുത്തുന്നു.

ഒരു കാലത്ത് സെലീനയും ഹെയ്‌ലിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്. സെലീനയില്‍ നിന്ന് കാമുകന്‍ ബീബറിനെ തട്ടിയെടുത്ത് ഹെയ്‌ലി ഭര്‍ത്താവാക്കുകയായിരുന്നു എന്ന തരത്തില്‍ അന്ന് ചര്‍ച്ചകളും നടന്നിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സെലീനയും ഹെയ്‌ലിയും തെളിയിക്കുകയാണ് എന്നായിരുന്നു ഇതിനോട് ബീബറിന്റെ പ്രതികരണം. 

പ്രണയകാലത്ത് ബീബര്‍ തന്നെ വൈകാരികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് സെലീന രംഗത്തുവന്നിരുന്നു. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇത്. ഇരുവരും വഴിപിരിഞ്ഞ അതേവര്‍ഷം തന്നെ ബീബറും ഹെയ്‌ലിയും വിവാഹിതരാകുകയും ചെയ്തു. അതീവ രഹസ്യമായിട്ടായിരുന്നു ഈ വിവാഹം.