ഗായകനും ജൊനാസ് ബ്രദേഴ്‌സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും വേര്‍പിരിയുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് അധികമായില്ല. ഇരുവരുടേയും വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പിന്നാലെ വിവാഹമോചനത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി ചർച്ചകളും ഉയരുകയുണ്ടായി. ഇരുവരുടേതും വ്യത്യസ്ത ജീവിതരീതി ആയതുകൊണ്ടാണ് വിവാഹമോചനത്തിനു മുതിർന്നതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു സം​ഗീതപരിപാടിക്കിടെ ഇതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ജോ ജൊനാസ്. 

To advertise here,

വിവാഹമോചനത്തെക്കുറിച്ചുള്ള ഊഹാപോ​ഹങ്ങൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ജോ ജൊനാസ് പ്രതികരണവുമായെത്തിയത്. നാലുവർഷത്തെ മനോഹരമായ വിവാഹജീവിതത്തിനുശേഷമാണ് തങ്ങൾ സൗഹാർദത്തോടെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് ജോ പറഞ്ഞത്. അൽപം കഠിനമായ ആഴ്ച്ചയായിരുന്നു കടന്നത്. തന്റെ വായിൽ നിന്നു കേൾക്കുന്നതല്ലാത്ത കാര്യങ്ങളെ വിശ്വസിക്കാതിരിക്കൂ എന്നുമാത്രമാണ് പറയാനുള്ളതെന്നും ജോ പറഞ്ഞു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകകൂടി ചെയ്തശേഷമാണ് ജോ ജൊനാസ് വാക്കുകൾ അവസാനിപ്പിച്ചത്. 

വിവാഹമോചനം രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും തങ്ങളുടേയും മക്കളുടേയും സ്വകാര്യത മാനിച്ച് ഊഹാപോഹങ്ങള്‍ മെനയരുതെന്നും സോഫി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2019 മെയ് ഒന്നിനാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വെഗാസില്‍ നടന്ന സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 

2022-ല്‍ സോഫി രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച്ച മുമ്പാണ് ഇരുവരും തങ്ങളുടെ ആഡംബര ഭവനം വിറ്റത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീല്‍ ഖാനാണ് 15 മില്ല്യണ്‍ ഡോളര്‍ നല്‍കി വീട് സ്വന്തമാക്കിയത്.