അമേരിക്കയുടെ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാനൊരുങ്ങുകയാണ് ജെ.ഡി. വാന്‍സ്. ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരിയാണ് അദ്ദേഹത്തിന്റെ ഭാര്യ. വാന്‍സ് ഈ പദവിയിലെത്തുന്നതോടെ, യു.എസിന്റെ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ സെക്കന്‍ഡ് ലേഡി എന്ന നേട്ടം ഉഷയ്ക്ക് സ്വന്തമാകും. 2010-ല്‍ യേല്‍ ലോ സ്‌കൂളില്‍ സഹപാഠികളായിരുന്ന വാന്‍സും ഉഷയും പഠനംപൂര്‍ത്തിയായി ഒരുകൊല്ലത്തിനു ശേഷം 2014-ലാണ് വിവാഹിതരാകുന്നത്. 

To advertise here,

1980-കളില്‍ യു.എസിലേക്ക് കുടിയേറിയ ചിലുകുരി രാധാകൃഷ്ണയുടെയും ലക്ഷ്മിയുടെയും മകളാണ് ഉഷ. ആന്ധ്രപ്രദേശിലാണ് ഇവരുടെ കുടുംബവേരുകള്‍. ഉഷയെ കണ്ടതിനേക്കുറിച്ചും അവരുടെ കുടുംബത്തെ പരിചയപ്പെട്ടതിനേക്കുറിച്ചുമൊക്കെ 2016-ല്‍ പ്രസിദ്ധീകരിച്ച ഹില്‍ബിലി എലെജി എന്ന ഓര്‍മക്കുറിപ്പുകളില്‍ വാന്‍സ് പറയുന്നുണ്ട്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അതിസമര്‍ഥയായ മകള്‍ എന്നാണ് ഓര്‍മക്കുറിപ്പില്‍ വാന്‍സ്, ഉഷയെ വിശേഷിപ്പിക്കുന്നത്. 

താങ്ക്‌സ് ഗിവിങ്ങിനാണ് ഉഷയുടെ കുടുംബത്തെ വാന്‍സ് ആദ്യമായി സന്ദര്‍ശിക്കുന്നത്. വീട്ടിലെ ശാന്തമായ അന്തരീക്ഷംകണ്ട് ആശ്ചര്യപ്പെട്ടുപോയെന്ന് അദ്ദേഹം പറയുന്നു. 'ഉഷയുടെ അച്ഛനെ കുറിച്ച്, അവരുടെ അമ്മ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പരാതികളൊന്നും പറഞ്ഞില്ല. കുടുംബസുഹൃത്തുക്കൾ കള്ളം പറയുന്നവരോ പിന്നില്‍നിന്ന് കുത്തുന്നവരോ ആണെന്ന വിധത്തിലുള്ള പരാമര്‍ശങ്ങളുണ്ടായില്ല. ഒരു വ്യക്തിയുടെ ഭാര്യയും അദ്ദേഹത്തിന്റെ സഹോദരിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നില്ല. ഉഷയുടെ മാതാപിതാക്കള്‍ അവളുടെ മുത്തശ്ശിയെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. സഹോദരങ്ങളേക്കുറിച്ച് അവര്‍ സ്‌നേഹത്തോടെയാണ് സംസാരിച്ചിരുന്നത്', വാന്‍സ് ഓര്‍മക്കുറിപ്പില്‍ പറയുന്നു. 

placeholder
ഉഷ | Photo: Getty Images 

ഉഷയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കുടുംബാന്തരീക്ഷമായിരുന്നു വാന്‍സിന്റേത്. അമ്മയുടെ മയക്കുമരുന്ന് ഉപയോഗത്തേക്കുറിച്ചും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മദ്യപാനശീലത്തേക്കുറിച്ചും വാന്‍സ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഉഷയുടെ കുടുംബത്തിലെ ശാന്തമായ അന്തരീക്ഷം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.  

ഉഷയുടെ പിതാവ് രാധാകൃഷ്ണ, ഐ.ഐ.ടി. മദ്രാസില്‍നിന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്. മോളിക്ക്യുലാര്‍ ബയോളജിസ്റ്റായിരുന്നു അമ്മ ലക്ഷ്മി. സാന്‍ഡിയാഗോയിലായിരുന്നു ഉഷയും കുടുംബവും താമസിച്ചിരുന്നത്. വാന്‍സ് വൈസ് പ്രസിഡന്റാകുന്നതോടെ യു.എസിന്റെ സെക്കന്‍ഡ് ലേഡി ആകുന്ന ആദ്യ ഹിന്ദുവനിത എന്ന വിശേഷണവും ഉഷയ്ക്കു ലഭിക്കും.