ഴാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട വ്യക്തിയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ബിസിനസുകാരനായ ജസ്ബീറിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. ഇതോടെ ബുംറയും അമ്മ ദല്‍ജിതും സഹോദരി ജൂഹികയും ഉള്‍പ്പെടുന്ന കുടുംബം പ്രതിസന്ധിയില്‍ അകപ്പെട്ടു. അവിടെ നിന്ന് അമ്മ ദല്‍ജിതാണ് മക്കളുടെ ജീവിതം കെട്ടിപ്പടുത്തത്. അഹമ്മാബാദിലെ നിര്‍മണ്‍ ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ദല്‍ജിതിന്റെ ശമ്പളമായിരുന്നു കുടുംബത്തിന്റെ സാമ്പത്തികസ്രോതസ്. ആറാം വയസ് മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ബുംറയ്ക്ക് അവര്‍ എല്ലാ പിന്തുണയും നല്‍കി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുകയാണ് ബുംറ.

To advertise here,

ക്രിക്കറ്റ് കരിയറിലെ വിജയത്തിന് പിന്നാലെ സ്‌പോര്‍ട്‌സ് അവതാരക സഞ്ജന ഗണേശനെ ബുംറ വിവാഹം ചെയ്തു. 2021 മാര്‍ച്ചിലായിരുന്നു വിവാഹം. 2023 സെപ്റ്റംബര്‍ നാലിന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അംഗദ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. ഇപ്പോള്‍ ഒരു അച്ഛനായതിന്റെ എല്ലാ സന്തോഷവും അനുഭവിക്കുകയാണ് ബുംറ. അച്ഛനായ ശേഷം ജീവിതം ഒരുപാട് മാറിപ്പോയെന്നും ഉത്തരവാദിത്തം കൂടിയെന്നും ബുംറ പറയുന്നു. തന്റെ അച്ഛന്റെ പഴയ ചിത്രത്തോാടൊപ്പം ഒരു വികാരനിര്‍ഭരമായ കുറിപ്പും ബുംറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

'അച്ഛനില്ലാത്തതിന്റെ ശൂന്യത ഞങ്ങള്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും അനുഭവിച്ചിട്ടുണ്ട്. ഒരു അച്ഛന്റെ വികാരം എന്താണെന്നും ജീവിതത്തില്‍ എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്നും തിരിച്ചറിഞ്ഞത് ഞാനൊരു അച്ഛനായപ്പോഴാണ്. സന്തോഷകരമായ ഓര്‍മകളോടെ ഞങ്ങള്‍ അച്ഛനെ ഓര്‍ക്കുമ്പോള്‍, അച്ഛന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'- ബുംറ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അച്ഛന്റെ ചിത്രവും കുറിപ്പിനൊപ്പം ബുംറ പങ്കുവെച്ചിട്ടുണ്ട്. 

ഇതിന് താഴെ ബുംറയുടെ ഭാര്യ സഞ്ജന കമന്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ തണലായി അദ്ദേഹം എന്നും കൂടെയുണ്ട്' എന്നായിരുന്നു സഞ്ജനയുടെ കമന്റ്.