ജപ്പാനിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. തന്റെ പ്രതിമാസ വരുമാനത്തെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. വിക്കി കുമാർ പങ്കുവെച്ച വീഡിയോ ഇതിനകം ഒട്ടേറെപ്പേർ കണ്ടുകഴിഞ്ഞു.

To advertise here,

ഒരു ഫ്രെഷർ എന്ന നിലയിൽ തൻ്റെ പ്രതിമാസ അടിസ്ഥാന ശമ്പളം 2,35,000 യെൻ (ഏകദേശം 1.35 ലക്ഷം രൂപ) ആണെന്ന് വിക്കി വീഡിയോയിൽ പറയുന്നു. മറ്റ് കിഴിവുകളെല്ലാം കുറച്ചശേഷം 1,75,000 യെൻ (ഏകദേശം 1 ലക്ഷം രൂപ) കയ്യിൽ കിട്ടും. എന്നാൽ, ജപ്പാനിലെ ഉയർന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ ഈ തുക പര്യാപ്തമാണോയെന്ന് ചിലർ ചോദിച്ചു.

ജാപ്പനീസ് ഭാഷാ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പിഴയായി പ്രതിമാസം 20,000 യെൻ (11,500 രൂപ) ഇപ്പോൾ കുറയ്ക്കുന്നുണ്ട്. ആദായനികുതി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ നിർബന്ധിത കിഴിവുകളുമുണ്ട്. ഇതെല്ലാം കിഴിച്ച് കയ്യിൽ ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു.

വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ സംശയങ്ങൾ ചോദിച്ച് രംഗത്തെത്തി. വീട്ടുവാടക, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ കുറച്ചാൽ ഒരു ലക്ഷത്തിൽ എത്ര രൂപ ലാഭിക്കാൻ കഴിയുമെന്ന് ചിലർ ചോദിച്ചു. ജപ്പാൻ ചെലവേറിയ രാജ്യമാണെന്നും ഇന്ത്യയിൽ 50,000-60,000 രൂപ നേടുന്നത് ഇതിന് തുല്യമാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.