200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെ കുറിച്ച് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സഹതാരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ജാക്വിലിന്‍ ഇതു അവഗണിക്കുകയായിരുന്നെന്നും സുകേഷിനെ വിവാഹം കഴിക്കാനായിരുന്നു അവരുടെ പദ്ധതിയെന്നും ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗത്തിലെ (ഇഒഡബ്ല്യു) മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ട്. 

To advertise here,

'ജാക്വിലിന് സഹതാരങ്ങള്‍ സുകേഷിനെ കുറിച്ച്് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അവര്‍ അതെല്ലാം അവഗണിച്ചു. അവര്‍ക്ക് സുകേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സുകേഷില്‍ നിന്ന് കാറും വളര്‍ത്തുമൃഗങ്ങളും ഉള്‍പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങളും സ്വീകരിച്ചു.' ഇഒഡബ്ല്യുവിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ബുധനാഴ്ച്ച നടിയെ ഇഒഡബ്ല്യു എട്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫീസില്‍ നടി ചോദ്യംചെയ്യലിനായി ഹാജരായത്. ജാക്വിലിനെ സുകേഷിന് പരിചയപ്പെടുത്തി നല്‍കിയെന്ന് പറയുന്ന പിങ്കി ഇറാനിയും ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരായിരുന്നു. 

ജാക്വിലിന്റെ മാനേജറായ പ്രശാന്തില്‍ നിന്ന് എട്ടു ലക്ഷം രൂപയുടെ സൂപ്പര്‍ ബൈക്കും ഇഒഡബ്ല്യു പിടിച്ചെടുത്തിരുന്നു. ഈ ബൈക്ക് പ്രശാന്തിന് സമ്മാനിച്ചത് സുകേഷായിരുന്നു. സുകേഷില്‍ നിന്ന് സ്വര്‍ണാഭരണശേഖരവും, 65 ജോഡി ചെരുപ്പ്, 47 വസ്ത്രങ്ങള്‍, 32 ബാഗുകള്‍, 4 ഹാന്‍ഡ്ബാഗുകള്‍, ഒന്‍പത് പെയ്ന്റിങുകള്‍, വിലകൂടിയ പാത്രങ്ങള്‍ എന്നിവയും ജാക്വിലിന്‍ സമ്മാനമായി സ്വീകരിച്ചിരുന്നു. 

നേരത്തെ ഇതേ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിചേര്‍ത്തിരുന്നു. നടിയുടെ പേരിലുള്ള ഏഴരക്കോടിയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.