തിരുവനന്തപുരം: കുംഭമേള സമയത്ത് സാമൂഹികമാധ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ട പെൺകുട്ടിയുടെ വിവാഹം രജിസ്റ്റർചെയ്തതിൽ കേരളത്തിന് വീഴ്ചയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷനെ അറിയിക്കും. സംഭവത്തിൽ നടത്തിയ അന്വഷണം സംബന്ധിച്ച വിവരങ്ങൾ പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ബുധനാഴ്ച ഡൽഹിയിലെത്തി കമ്മിഷന് കൈമാറും. 22-ന് ഹാജരാകാൻ കമ്മിഷൻ നിർദേശിച്ചിരുന്നു.

To advertise here,

പ്രായപൂർത്തിയായെന്നതിന് തെളിവായി പെൺകുട്ടി പോലീസിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഹാജരാക്കിയ ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ആധികാരികമാണെന്ന് പരിശോധിച്ചുറപ്പിച്ചാണ് വിവാഹം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

എന്നാൽ, ഈ രേഖകൾ ലഭ്യമാക്കാൻ പെൺകുട്ടി വ്യാജരേഖകൾ സമർപ്പിച്ചിരുന്നോയെന്നതു സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും തിരുവനന്തപുരം റൂറൽ എസ്.പി. പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ പെൺകുട്ടിയെ വിവാഹംകഴിച്ച ഫർമാൻ ഖാന്‍റെ പേരിൽ മധ്യപ്രദേശിൽ പോക്സോ കേസ് രജിസ്റ്റർചെയ്തിരുന്നു. ഫർമാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്തമാസം 20-ന് പരിഗണിക്കാൻ കേരള ഹൈക്കോടതി മാറ്റിവെച്ചിട്ടുണ്ട്. അതുവരെ അറസ്റ്റു തടഞ്ഞിട്ടുമുണ്ട്.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയെങ്കിലും കാണാനായില്ല. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും പോലീസ് നിരീക്ഷണത്തിലാണെന്നും പോലീസ് മേധാവി കമ്മിഷനെ അറിയിച്ചേക്കും.

സി.പി.എം. നേതാക്കൾക്കെതിരേ ഹർജി

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ ശൈശവവിവാഹം നടത്തിക്കൊടുത്ത കേസിൽ സി.പി.എമ്മിലെ പ്രമുഖ നേതാക്കൾക്കെതിരേ ഹർജി ഫയൽ ചെയ്തു. ഹർജി പരിഗണിച്ച കോടതി പരാതിക്കാരന്റെ മൊഴി എടുക്കുന്നതിനായി ഈ മാസം 27-ന് കേസ് വീണ്ടും പരിഗണിക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ആക്ടിങ്‌ ജില്ലാ സെക്രട്ടറി എ.എ.റഹീം, പൂവാർ അരുമാനൂർ നയ്യാർ ദേവക്ഷേത്രം പ്രസിഡന്റ് എൻ.ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ, പെൺകുട്ടിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ എന്നിവരാണ് കേസിലെ പ്രതികൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് കേസ് പരിഗണിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് പരാതിക്കാരൻ. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട വരനും വധുവിനും ഹിന്ദുമതാചാരപ്രകാരം വിവാഹിതരാകാൻ കഴിയില്ലെന്ന സാങ്കേതികപ്പിഴവും ഹർജിയിൽ പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്.