ര്‍ഫാന്‍ ഖാനെപ്പോലെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് മകന്‍ ബബില്‍ ഖാന്‍. 'ഖല' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ബബില്‍, 'ദ റെയില്‍വേ മെന്‍' എന്ന വെബ് സീരീസില്‍ മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. 

To advertise here,

പിതാവ് ഇര്‍ഫാന്‍ ഖാന്റെ പെട്ടെന്നുള്ള വേര്‍പാട് തന്നെ ഒരുപാട് തളര്‍ത്തിയിരുന്നുവെന്നും 45 ദിവസത്തോളം ഒരു മുറിയില്‍ അടച്ചിരുന്നുവെന്നും ബബില്‍ തുറന്നുപറഞ്ഞിരുന്നു. 2020-ലാണ് അര്‍ബുദ ബാധിതനായി ഇര്‍ഫാന്‍ മരിക്കുന്നത്.

ഇപ്പോഴിതാ അമ്മ സുതപ സിക്ദാറിന് മനോഹരമായൊരു കുറിപ്പിലൂടെ മാതൃദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബബില്‍. 'സുതപ സിക്ദാറില്ലായിരുന്നുവെങ്കില്‍ ഇര്‍ഫാന്‍ ഖാനുണ്ടാകുമായിരുന്നില്ല, സുതപ സിക്‌സാദിറില്ലെങ്കില്‍ അയാന്‍ ഉണ്ടാകുമായിരുന്നില്ല, സുതപ സിക്ദാര്‍ ഇല്ലായിരുന്നെങ്കില്‍ ബബില്‍ ഉണ്ടാകുമായിരുന്നില്ല.' എന്നാണ് ബബില്‍ കുറിച്ചത്. ഇര്‍ഫാന്‍ ഖാനൊപ്പമുള്ള സുതപയുടെ മനോഹര ചിത്രങ്ങളും കുറിപ്പിനൊപ്പം ബബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന് താഴെ സുതപയുള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ വിശേഷദിനത്തിന്റെ ആനുകൂല്യത്തില്‍ ബബിലിനോട് ഒരു കാര്യത്തില്‍ ഉറപ്പ് നല്‍കാനാണ് സുതപ പറയുന്നത്. 

ഒരു പുരുഷന്‍ എങ്ങനെയായിരിക്കണമെന്ന സമൂഹത്തിന്റെ തെറ്റായ വ്യാഖ്യാനത്തില്‍ അകപ്പെടാതെ, അതിന് അനുസരിച്ച് സ്വഭാവത്തില്‍ മാറ്റം വരുത്താതെ, തെറ്റും ശരിയും മനസിലാക്കി അതിന് അനുസരിച്ച് ജീവിക്കണമെന്നാണ് സുതപ മകനോട് ആവശ്യപ്പെടുന്നത്. 

ബബില്‍ ഖാനെക്കൂടാതെ ഇര്‍ഫാനും സുതപയ്ക്കും അയാന്‍ ഖാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. 1995-ലാണ് ഇര്‍ഫാനും സുതപയും വിവാഹിതരാകുന്നത്.  ഇരുവരും ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സഹപാഠികളായിരുന്നു. കോളേജ് കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. തിരക്കഥാകൃത്തും നടിയുമാണ് സുതപ. വിദ്യാ ബാലന്‍ പ്രധാന വേഷത്തിലെത്തിയ കഹാനിയുള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.