വിവാഹത്തോട് അനുബന്ധിച്ച് വെഡ്ഡിങ് ഷൂട്ടുകൾ നടത്തുന്നതിൽ പരമാവധി വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് മിക്കയാളുകളും. വിവാഹത്തിന് മുന്നോടിയായി സേവ് ദി ഡേറ്റും വിവാഹവും വിവാഹശേഷമുള്ള ഷൂട്ടുമൊക്കെ വ്യത്യസ്തമായി ഒരുക്കുന്നവരുണ്ട്. സമാനമായി ഹൈദരാബാദിൽ നിന്നുള്ള ഒരു പോലീസ് വധൂവരന്മാരും പ്രീവെഡ്ഡിങ് ഷൂട്ട് ചെയ്തു. സംഗതി ഹിറ്റായെങ്കിലും പിന്നാലെ മുതിർന്ന ഐ.പി.എസ് ഓഫീസറിൽ നിന്നൊരു ഉപദേശവും ലഭിക്കുകയുണ്ടായി. വീഡിയോ സഹിതം എക്സ് എന്ന സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചാണ് ഐ.പി.എസ് ഓഫീസറായ സി.വി.ആനന്ദ് ആശംസയ്ക്കൊപ്പം ഉപദേശവും പങ്കുവെച്ചത്.
പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നുള്ള പ്രീ വെഡ്ഡിങ് ഷൂട്ട് വീഡിയോ ആണ് വൈറലായത്. പോലീസ് വേഷത്തിൽ നിൽക്കുന്ന വധൂവരന്മാരിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതും ശേഷം സിനിമാ സ്റ്റൈലിലുള്ള പാട്ടും ഡാൻസുമൊക്കെ വീഡിയോയിൽ കാണാം. എന്നാൽ സംഗതി സാമൂഹികമാധ്യമത്തിൽ ഹിറ്റായെങ്കിലും വിമർശനകമന്റുകളും നിറയുകയുണ്ടായി. സ്വകാര്യ ആവശ്യത്തിനായി പോലീസ് സ്റ്റേഷനും പരിസരവും ഉപയോഗിച്ചതിനെ വിമർശിച്ചാണ് കമന്റുകൾ ഉയർന്നത്. ഇതോടെയാണ് സി.വി.ആനന്ദ് പ്രതികരണവുമായി എത്തിയത്.
ഈ വീഡിയോക്കു വന്ന സമ്മിശ്രപ്രതികരണങ്ങൾ കണ്ടിരുന്നുവെന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പോലീസുകാരുടേത് കഠിനമായ ജോലിയാണെന്നും പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിലെന്നും അദ്ദേഹം കുറിച്ചു. പങ്കാളിയെ ഡിപ്പാർട്മെന്റിൽ നിന്നുതന്നെ കണ്ടെത്തുന്നു എന്നത് തങ്ങൾക്കെല്ലാവർക്കും ആഘോഷിക്കാനുള്ള അവസരമാണ്. പോലീസ് ഉദ്യോഗസ്ഥരായ ഇരുവരും ഡിപ്പാർട്മെന്റ് വസ്തുവകകൾ ഉപയോഗിക്കുന്നതിൽ താൻ തെറ്റുകാണുന്നില്ലെന്നും അവർ നേരത്തേ അറിയിച്ചിരുന്നെങ്കിൽ ഷൂട്ടിനുള്ള അനുമതി നൽകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വീഡിയോകൾ നിർമിക്കുംമുമ്പ് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവരും തന്നെ ക്ഷണിച്ചിട്ടില്ലെങ്കിലും വിവാഹത്തിനുപോയി അനുഗ്രഹിക്കുമെന്നും മറ്റുള്ളവർ മുൻകൂർഅനുമതി വാങ്ങാതെ ഇപ്രകാരം ആവർത്തിക്കരുതെന്ന് ഉപദേശിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
നിരവധി പേരാണ് വൈറലായ വീഡിയോക്കുകീഴെ കമന്റുകളുമായെത്തിയത്. അഭിനന്ദനങ്ങൾക്കൊപ്പം തന്നെ പോലീസ് സ്റ്റേഷനും പരിധിയും ഉപയോഗിച്ചതിനെ വിമർശിക്കുന്നവരാണ് കൂടുതലും. ഏതെങ്കിലുമൊരു സാധാരണക്കാരൻ പോലീസ് സ്റ്റേഷനിൽ വച്ച് എന്തെങ്കിലും ഷൂട്ട് ചെയ്യാൻ ശ്രമിച്ചാൽ ഇതേനിലപാട് ആയിരിക്കുമോ എന്നും ഇത്തരമൊരു ഷൂട്ടിന് യൂണിഫോം ഉപയോഗിക്കേണ്ടിയിരുന്നോ എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: IPS officer on Hyderabad cop couple's pre-wedding shoot in uniform
Published: 19 Sept 2023, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented