യുവാവ് പറഞ്ഞതിനെ അനുകൂലിച്ചും എതിര്ത്തും വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളിട്ടത്

ഇന്ത്യക്കാർക്ക് ശാരീരികക്ഷമതയില്ലെന്നും മടിയന്മാരാണെന്നും അമേരിക്കൻ വിനോദസഞ്ചാരി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചാർലി ഇവാൻസ് എന്ന യുവാവ് വിമർശനം ഉന്നയിച്ചത്. ജയ്പുർ കാണാനായി എത്തിയപ്പോഴാണ് ചാർലി ഇക്കാര്യം പറഞ്ഞത്. വീഡിയോ കുറഞ്ഞസമയത്തിനകം വൈറലാകുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.
ചരിത്രപ്രസിദ്ധമായ ആംബർ കോട്ട സന്ദർശിക്കാനെത്തിയതായിരുന്നു ചാർലി ഇവാൻസ്. കുത്തനെയുള്ള വഴിയാണ് കോട്ടയിലേക്കുള്ളത്. ഇതുവഴി കോട്ടയിലേക്ക് പോകുമ്പോഴാണ് ചാർലി വീഡിയോ ചിത്രീകരിച്ചത്. കയറ്റം കയറുന്നതിനിടെ വിശ്രമിക്കാനിരുന്ന ഇന്ത്യക്കാരായ സഞ്ചാരികളെ ചാർലി വീഡിയോയിൽ ചൂണ്ടിക്കാട്ടി. മുകളിലേക്ക് പോകുന്നതിന് പകരം പാതിവഴിയിൽ ഇരുന്നുകൊണ്ട് പാനീയങ്ങൾ കുടിക്കുകയോ സിഗരറ്റ് വലിക്കുകയോ ഒക്കെ ചെയ്യുന്നവർ നിരവധിയാണെന്ന് ചാർലി പറഞ്ഞു.
കോട്ടയിലേക്ക് 20 മിനിറ്റ് സമയം നടന്നാൽ മതിയെന്ന് ചാർലി പറയുന്നു. എന്നാൽ ഒട്ടേറെ പേർ അത്രയും നടന്ന് കോട്ടയിലേക്ക് പോകുന്നില്ല. ഇനി എത്ര ദൂരം ഉണ്ടെന്ന് പലരും തന്നോട് ചോദിച്ചു. അവരെല്ലാം പണം നൽകി ടിക്കറ്റെടുത്താണ് കയറിത്തുടങ്ങിയതെന്നും ചാർലി പറഞ്ഞു. ഇന്ത്യക്കാർ മടിയന്മാരാണെന്നും അവർ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ചാർലി കൂട്ടിച്ചേർത്തു.
നാലരലക്ഷത്തിലേറെ പേരാണ് ചാർലിയുടെ റീൽ ഇതിനകം കണ്ടുകഴിഞ്ഞത്. ചാർലി പറഞ്ഞതിനെ അനുകൂലിച്ചും എതിർത്തും വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളിട്ടത്. ചാർലി പറഞ്ഞത് തങ്ങളെ വേദനിപ്പിച്ചെങ്കിലും അതിൽ ചില സത്യങ്ങളുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ഇന്ത്യക്കാർ ഭക്ഷണക്രമത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പുനർവിചിന്തനം നടത്താൻ സമയമായെന്നാണ് മറ്റൊരാൾ കുറിച്ചത്. സിഗരറ്റും സോഫ്റ്റ് ഡ്രിങ്കുകളും വിദേശികളാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും പർവതങ്ങൾ നിറഞ്ഞ ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ചാൽ മടിയന്മാർ എന്ന് വിളിച്ചത് തെറ്റാണെന്ന് അറിയാൻ കഴിയുമെന്നുമെല്ലാം കമന്റുകളുണ്ട്.
Content Highlights: American tourist Charlie Evans sparked a social media debate after calling Indians "lazy" and "unfit" in a viral video recorded at Jaipur's Amber Fort. While filming locals resting on the 20-minute climb, he criticized their lifestyle habits, leading to a mix of outrage and self-reflection from Indian netizens.
Published: 03 Feb 2026, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented