വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് നടി ഹുമ ഖുറേഷി. ഗാങ്സ് ഓഫ് വാസേപൂർ, ബദ്ലാപൂർ, ഏക് തി ദായൻ, മോണിക്ക ഓ മൈ ഡാർലിങ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ സിനിമയിൽ പേരെടുക്കും മുമ്പ് താൻ കടന്നുപോയ ഇരുണ്ട കാലത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഹുമ ഇപ്പോൾ. കരിയറിന്റെ തുടക്കകാലത്ത് കടുത്ത രീതിയിലുള്ള ബോഡിഷെയിമിങ്ങിലൂടെ താൻ കടന്നുപോയിരുന്നു എന്നാണ് ഹുമ പറയുന്നത്.
ബർഖാ ദത്തുമായുള്ള അഭിമുഖത്തിലാണ് ഹുമ ഇക്കാര്യം പങ്കുവെച്ചത്. ഇരുപതുകളിൽ കരിയർ ആരംഭിക്കാൻ തുടങ്ങിയ ഒരു ചെറുപ്പക്കാരിയോട് പലരും ചെയ്തത് ഇതാണ് എന്നു പറയുകയാണ് ഹുമ. പല ആർട്ടിക്കിളുകളിലും തന്റെ ശരീരത്തെക്കുറിച്ച് പലതും എഴുതി. എന്താണ് താൻ ധരിച്ചിരിക്കുന്നത് എന്നും തന്റെ കാൽമുട്ടുകളുടെ വണ്ണവുമൊക്കെ എഴുതപ്പെട്ടു. ചില ശരീരഭാഗങ്ങൾ സൂം ചെയ്ത് അവതരിപ്പിച്ചു. മുമ്പും മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് നിരന്തരം കേട്ടിരുന്നുവെങ്കിലും മാധ്യമങ്ങളിലൂടെ സ്ഥിരമായി കേട്ടിരുന്നത് അസഹ്യമായിരുന്നു എന്ന് പറയുകയാണ് ഹുമ.
ഇവയെല്ലാം വായിക്കാൻ തുടങ്ങിയതോടെ താൻ സ്വന്തം സൗന്ദര്യത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും തന്റെ രൂപത്തിൽ മാറ്റം വരുത്തണോ വേണ്ടയോ എന്ന് സംശയിച്ചു തുടങ്ങി എന്നും ഹുമ പറയുന്നു. എപ്പോഴും തന്നെ കാണുമ്പോൾ ആളുകൾ വണ്ണം കുറയ്ക്കാൻ പറഞ്ഞിരുന്നതിനെക്കുറിച്ചും ഹുമ പറയുന്നു. ലൈപോസക്ഷൻ സർജറി ചെയ്ത് വണ്ണം കുറയ്ക്കാൻ വരെ പറഞ്ഞവരുണ്ട്.
ഒരിക്കൽ ഒരു സിനിമാ നിരൂപകൻ തന്നെക്കുറിച്ച് പങ്കുവെച്ച വരികളും ഹുമ ഓർക്കുന്നുണ്ട്. സുന്ദരമായ മുഖമുള്ള നല്ലൊരു നടിയാണ് ഹുമ, പക്ഷേ മുൻനിര നായികയാകാൻ ഒരു അഞ്ചുകിലോ കൂടുതൽ തടസ്സമായേക്കും എന്നാണ് അയാൾ പറഞ്ഞതെന്ന് ഹുമ പറയുന്നു. ആ നിരൂപണം കണ്ടതിനു പിന്നാലെ അങ്ങേയറ്റം വിഷമിക്കുകയും ഏറെനേരം കരയുകയും ചെയ്തുവെന്നും ഹുമ കൂട്ടിച്ചേർത്തു.
നേരത്തേ നടിമാരായ സമീര റെഡ്ഡിയും വിദ്യാ ബാലനും പ്രിയങ്ക ചോപ്രയുമൊക്കെ നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. വണ്ണക്കുറവിന്റെ പേരിൽ നേരിട്ട കളിയാക്കലുകളെയും അതിന്റെ പേരിൽ കടന്നുപോയ വിഷാദരോഗത്തെയുംകുറിച്ച് നടി ഇല്യാന ഡിക്രൂസും തുറന്നു പറഞ്ഞിട്ടുണ്ട്. വണ്ണം കൂടിയെന്നു പറഞ്ഞ് വിമർശിക്കപ്പെട്ടതിനെക്കുറിച്ച് നടി സൊനാക്ഷി സിൻഹയും നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെക്കുറിച്ച് ബിപാഷ ബസുവും പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Huma Qureshi Recalls Being Subjected To Body Shaming
Published: 10 Jul 2023, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented