പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ആരേയും നൊമ്പരപ്പെടുത്തുന്ന നേര്‍ച്ചിത്രമായിരുന്നു തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിരാലംബയായി ഇരിക്കുന്ന യുവതിയുടേത്. ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യയായ ഹിമാംശി നര്‍വാളായിരുന്നു ആ യുവതി. നിരവധി മനുഷ്യരെ ഈറനണിയിച്ച ഹിമാംശിയെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

To advertise here,

ഹിന്ദി ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 19-ാം പതിപ്പില്‍ മത്സരാര്‍ഥിയായി ഹിമാംശി നര്‍വാള്‍ എത്തുന്നു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്‍മാന്‍ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍. വിനോദരംഗത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ടെല്ലി ചക്കര്‍ എന്ന മാധ്യമത്തെ ഉദ്ധരിച്ചാണ് മറ്റ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബോസ് ഒടിടി 2 വിജയിയായ എല്‍വിഷ് യാദവിന്റെ സഹപാഠിയായിരുന്നു കോളേജില്‍ ഹിമാംശിയെന്നും ടെല്ലി ചക്കര്‍ പറയുന്നു. 

Related News: 'മുസ്ലീങ്ങൾക്കോ കശ്മീരികൾക്കോ എതിരാകരുത്'; പഹൽഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ്റെ ഭാര്യ

'പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ ചെയ്യുന്ന കുറച്ച് ആളുകളെ കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ബിഗ് ബോസ് 19-ല്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് ഹിമാംശി നര്‍വാളുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ അന്തിമമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.' -ബിഗ് ബോസ് ഷോയുടെ അണിയറയിലുള്ള ഒരാള്‍ പറഞ്ഞതായി ടെല്ലി ചക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഹിമാംശി ഷോയില്‍ പങ്കെടുക്കില്ലെന്നും പലരും സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ഹിമാംശിയോ ബിഗ് ബോസ് പ്രതിനിധികളോ ഔദ്യോഗികമായി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

വിവാഹത്തിനുശേഷം മധുവിധു ആഘോഷിക്കാനായി പോയപ്പോഴാണ് ഹിമാംശിയുടെ ജീവിതത്തിലെ വലിയ ദുരന്തമുണ്ടായത്. ഏപ്രില്‍ 25-നാണ് കശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരവാദികള്‍ ഹിമാംശിയുടെ ഭര്‍ത്താവ് വിനയ് നര്‍വാള്‍ ഉള്‍പ്പെടെ 26 പേരെ നിര്‍ദാക്ഷിണ്യം വധിച്ചത്.