ചെന്നൈ: കല്യാണപ്പന്തലില്‍, വരണമാല്യം ചാര്‍ത്തുന്നതിനു തൊട്ടുമുമ്പ് വരന്റെ കൂട്ടുകാര്‍ മുദ്രപ്പത്രവുമായി വന്നു, വിവാഹം നടക്കണമെങ്കില്‍ വധു ഇതിലെ വ്യവസ്ഥ അംഗീകരിച്ച് ഒപ്പിട്ടുകൊടുക്കണം. കരാറിലെ ഉപാധി ലളിതമായിരുന്നു, 'വിവാഹത്തിനുശേഷവും എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഭര്‍ത്താവിനെ ക്രിക്കറ്റ് കളിക്കാന്‍ വിടണം.'

To advertise here,

തമിഴ്നാട്ടിലെ തേനിയിലാണ് വ്യത്യസ്തമായൊരു കരാറില്‍ ഒപ്പുവെച്ച് വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്വകാര്യകോളേജില്‍ അധ്യാപകനായ ഹരിപ്രസാദ് കടുത്ത ക്രിക്കറ്റ് പ്രേമിയാണ്.

നാട്ടിലെ സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ താരവുമാണ്. പൂജയുമായുള്ള കല്യാണം ഉറപ്പിച്ചപ്പോള്‍ ഹരിപ്രസാദിനെ ക്രിക്കറ്റ് കളിക്കാന്‍ കിട്ടാതാവുമോ എന്നായിരുന്നൂ കൂട്ടുകാരുടെ ആശങ്ക. അതിനു പരിഹാരമായാണ് വധുവില്‍നിന്ന് രേഖാമൂലം ഉറപ്പുവാങ്ങിയത്.

വിവാഹത്തിനുമുമ്പ് വരന്റെ കൂട്ടുകാര്‍ മുദ്രപ്പത്രവുമായി വരുന്നതുകണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അതു വായിച്ചുകഴിഞ്ഞപ്പോള്‍ പൂജ പുഞ്ചിരിയോടെ ഒപ്പിട്ടുകൊടുത്തു. വരനും വധുവും കൂട്ടുകാരും കരാര്‍ മുന്നില്‍വെച്ച് ഫോട്ടോക്ക് പോസ്‌ചെയ്തു.