സ്ട്രാസ്ബര്‍ഗ്: കണ്ടാല്‍ തിന്നാന്‍തോന്നും എന്നതാണ് 'കൊമീഡിയന്‍' എന്ന കലാസൃഷ്ടിയുടെ പ്രത്യേകത. ഈ മാസം 12-ന് ഫ്രാന്‍സിലെ പോപിഡു മെസ് മ്യൂസിയത്തില്‍ 'കൊമീഡിയന്‍' കാണാന്‍ വിശന്നവയറുമായെത്തിയ കലാസ്വാദകനും അതുതന്നെ ചെയ്തു. കോടികളുടെ മൂല്യമുള്ള കലാസൃഷ്ടിയെടുത്തങ്ങ് തിന്നു.

To advertise here,

വെറും ചുവരില്‍ ചാരനിറമുള്ള ടേപ്പ്‌കൊണ്ട് ഒട്ടിച്ചുവെക്കുന്ന ഒരു വാഴപ്പഴം. അതാണ് ഇറ്റാലിയന്‍ കലാകാരന്‍ മൗറീസിയോ കാറ്റെലന്റെ 'കൊമീഡിയന്‍.' ചീയാറാകുമ്പോള്‍ എടുത്തുമാറ്റി പുതിയത് ഒട്ടിക്കും. കാണി തിന്ന് മിനിറ്റുകള്‍ക്കകം പുതിയ വാഴപ്പഴമൊട്ടിച്ച് പോപിഡു മെസ് മ്യൂസിയം അധികൃതര്‍ 'കൊമീഡിയന്‍' പുനഃസ്ഥാപിച്ചു. 

കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കില്‍നടന്ന പ്രദര്‍ശനത്തില്‍ ജസ്റ്റിന്‍ സണ്‍ എന്ന ക്രിപ്‌റ്റോ ബിസിനസുകാരന്‍ 62 ലക്ഷം ഡോളറിനാണ് (53 കോടി) 'കൊമീഡിയന്‍' വാങ്ങിത്തിന്നത്. 2023-ല്‍ ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓര്‍ ആര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ച 'കൊമീഡിയന്‍' ഒരു വിദ്യാര്‍ഥി എടുത്ത് കഴിച്ചിരുന്നു. 2019-ല്‍ യുഎസിലെ മയാമി ബീച്ചില്‍നടന്ന കന്നിപ്രദര്‍ശനത്തില്‍ മറ്റൊരുകലാകാരന്‍ ഡേവിഡ് ഡാറ്റുനയാണ് പഴമെടുത്ത് തിന്നത്. 98 ലക്ഷം രൂപയ്ക്ക് ഈ പഴം വിറ്റുപോയ ശേഷമാണ് ഡാറ്റുന അതെടുത്ത് കഴിച്ചത്.