സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്ന് വ്യക്തിമാക്കി ഇലോണ്‍ മസ്ക്കിന്റെ മുന്‍ കാമുകി ആഷ്ലി സെന്റ് ക്ലെയര്‍. തന്റെ പുതിയ പോഡ്കാസ്റ്റ് ഷോയിലാണ് ആഷ്ലി ഇക്കാര്യം പറയുന്നത്. ഒരു വയസുള്ള റോമുലസിന്റെ സംരക്ഷണാവകാശത്തില്‍ മസ്കുമായി ആഷ്ലി നിയമപോരാട്ടം നടത്തുകയാണ്. കുഞ്ഞിന്റെ പിതാവ് ആരാണ് എന്നത് രഹസ്യമായി സൂക്ഷിക്കാന്‍ മസ്ക് ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്നും മസ്ക്കിന്റെ സാമ്പത്തിക സഹായം നിരസിച്ചുവെന്നും ആഷ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
'ബാഡ് അഡൈ്വസ്' എന്ന് പേരിട്ടിരിക്കുന്ന തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിലാണ് അവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചത്. ഒരു വര്‍ഷം കരിയറില്‍നിന്ന് ഇടവേള എടുത്തതിനാല്‍ ഏറെ ശ്രമിച്ചിട്ടും പുതിയ ജോലി ലഭിച്ചില്ലെന്നും തുടര്‍ന്നാണ് പോഡ്കാസ്റ്റ് ഷോ തുടങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തന്റെ കുഞ്ഞിന്റെ അച്ഛന് മസ്ക്ക് ആണെന്ന് വെളിപ്പെടുത്തി ആഷ്ലി രംഗത്തെത്തിയത്. കുഞ്ഞിനെ കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ മസ്ക് തുടക്കത്തില്‍ തനിക്ക് 128 കോടി രൂപ വാഗ്ദാനം ചെയ്തെന്നും എന്നാല്‍ താനത് നിരസിച്ചെന്നും ആഷ്ലി വ്യക്തമാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്ക് ബീജം ദാനം ചെയ്തതല്ലെന്നും സെന്റ് ബാര്‍ട്സിലെ പുതുവത്സര ആഘോഷവുമായ ബന്ധപ്പെട്ട അവധിക്കാലത്താണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെന്നും 26-കാരിയായ ആഷ്ലി വ്യക്തമാക്കിയിരുന്നു.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കണമെന്നായിരുന്നു മസ്കിന്റെ ആവശ്യം. സാധാരണ പ്രസവം കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ പരിമിതപ്പെടുത്തുമെന്ന് മസ്ക് വിശ്വസിച്ചിരുന്നു. മകന്റെ ചേലാകര്‍മ്മം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ജൂതമത വിശ്വാസിയായ താന്‍ അതിനായി വാശി പിടിച്ചുവെന്നും ആഷ്ലി വ്യക്തമാക്കിയിരുന്നു.
മസ്ക് തുടക്കത്തില്‍ തന്റെ മാനേജര്‍ വഴി ഒരു സാമ്പത്തിക ഉടമ്പടി നിര്‍ദേശിച്ചിരുന്നുവെന്ന് വോള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് തന്റെ പേര് ഒഴിവാക്കുന്നത് ഉള്‍പ്പെടെ മകന്റെ ജനനം രഹസ്യമാക്കി വെയ്ക്കുന്നതിന് 128 കോടി രൂപയ്ക്കൊപ്പം പ്രതിമാസം 85 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഷ്ലി അത് അംഗീകരിച്ചില്ല. മകനെ രഹസ്യമാക്കിവെയ്ക്കാന്‍ താത്പര്യമില്ലെന്നും മകനെ അച്ഛന് ആരാണെന്ന് അറിയാത്ത തരത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആഷ്ലി മാനേജറെ അറിയിച്ചു. തന്റെ സുരക്ഷയെ കുറിച്ച് ആശങ്കയും മസ്ക് പ്രകടിപ്പിച്ചിരുന്നു.
കുഞ്ഞ് തന്റേതാണോ അല്ലയോ എന്നത് തനിക്ക് അറിയില്ലെന്നും അത് കണ്ടെത്താനുള്ള പരിശോധനയ്ക്ക് തയ്യാറാണെന്നും മസ്ക് പരസ്യമായി വ്യക്തമാക്കിയിരുന്നു. പിന്നീട് കോടതി പുറത്തുവിട്ട ഉത്തരവിട്ട പിതൃത്വ പരിശോധനയില്‍ 99.9999% ഉറപ്പോടെ മസ്ക് പിതാവാണെന്ന് സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീപ്പിള്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ ആഷ്ലിയുടെ വക്താവും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ അച്ഛനാണ് മസ്ക് എന്ന് 'എക്സി'ലെ കുറിപ്പിലൂടെ താന്‍ പരസ്യമാക്കിയതിന് ശേഷം മസ്ക് തന്റെ 128 കോടി രൂപയുടെ വാഗ്ദാനം പിന്‍വലിച്ചുവെന്നും കോടതിയെ സമീപിച്ചതോടെ പ്രതിമാസം തരുമെന്ന് പറഞ്ഞിരുന്ന പണം 34 ലക്ഷമായി കുറഞ്ഞുവെന്നും ആഷ്ലി ആരോപിച്ചിരുന്നു.
Content Highlights: Elon Musk's Alleged Ex Announces She's Broke, Turns To Podcasting After "Career Suicide"
Published: 20 Aug 2025, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented