ആലുവ: ബെംഗളൂരുവിൽ നിന്നും ലോറിയിൽ കൊണ്ടുവരുന്ന വാഴക്കുലയ്ക്കിടയിൽ വെച്ച് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നു കടത്തിയ യുവാവ് അറസ്റ്റിൽ. 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം ലഭിച്ച ഹരിപ്പാട് പായിപ്പാട് വീയ്യപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ഡാനി എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) ആണ് പിടിയിലായത്. ബെംഗളൂരു-മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന വിതരണശൃംഖലയിലെ പ്രധാന കണ്ണിയാണ് ധനേഷെന്ന് ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി. ബൈജു പൗലോസ് പറഞ്ഞു. ധനേഷിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. നിലവിൽ മൈസൂരുവിനടുത്ത് നഞ്ചൻകോടിലാണ് ഇയാളുടെ താമസം. ഇവിടെ വാഴയടക്കം ധാരാളം കൃഷികളും ഇയാൾ നടത്തിയിരുന്നു.
185 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞദിവസം ആലുവയിലെ ലോഡ്ജിൽ നിന്നും അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ ഇയാളെ അങ്കമാലിയിൽവെച്ചാണ് പിടികൂടിയത്.
ലോഡ്ജിൽ നിന്നും പിടികൂടിയ ഹരികൃഷ്ണനിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് തോപ്പുംപടിയിൽനിന്ന് ഏഴ് ഗ്രാം എംഡിഎംഎയുമായി ഷിനു സെബാസ്റ്റ്യനെയും അറസ്റ്റ് ചെയ്തിരുന്നു. ‘ഡാനി ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് കണ്ടെത്തി. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് ഇവരായിരുന്നു.
ലഹരിക്കടത്ത് ‘കൃഷി’യാക്കിയ കർഷകൻ
പിടിയിലായ ധനേഷ് ജർമനിയിൽ 2015 മുതൽ 2018 വരെ അഗ്രി ബിസിനസ് പഠിച്ചിരുന്നു. 2018-ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് കൃഷിയും വിവിധ കാർഷിക സംരംഭങ്ങളും ആരംഭിച്ച് കർഷകനെന്ന നിലയിൽ പ്രവർത്തിച്ചു വരുകയായിരുന്നു. തുടർന്നാണ് യുവകർഷകനുള്ള പുരസ്കാരം ലഭിച്ചത്. എന്നാൽ, കാർഷിക പ്രവർത്തനങ്ങളുടെ മറവിൽ ലഹരിമരുന്ന് കടത്തുന്നതിനും വിതരണം ചെയ്യുന്നതിനും ഇയാൾ സംവിധാനമൊരുക്കിയിരുന്നതായാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്.
മൈസൂരുവിനടുത്ത് നഞ്ചൻകോടിലുള്ള വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. കാർഷിക ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിന്റെ മറവിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
യുവാക്കളെ ലഹരിമരുന്ന് കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്ത് ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്. വാഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന് പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികൾ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: State's best young farmer award winner Dhanesh S Nair arrested for drug smuggling., Police seized 803 grams of hashish oil and 8 grams of MDMA hidden inside banana shipments., Operated a drug syndicate using agricultural farms in Nanjangud, Mysuru as a cover., Recruited youth via Instagram for drug distribution in Kerala.
Published: 10 Nov 2026, 08:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented