നാഗ്‌പൂർ: വിമാനത്താവളങ്ങളിൽ വെച്ച് റീൽസുകളും വ്ലോഗുകളും മറ്റ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും ചിത്രീകരിക്കുന്നവരാണോ? ഇനി മുതൽ പണി കിട്ടും. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രീകരണങ്ങൾ നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശന വിലക്കേർപ്പെടുത്തി. നാഗ്‌പൂർ ഉൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും പുതിയ മാർഗനിർദ്ദേശം ബാധകമാണ്.
വിമാനത്താവളങ്ങളിലെ അതീവ സുരക്ഷാ വിവരങ്ങൾ അബദ്ധത്തിൽ പോലും ക്യാമറകളിൽ പതിയാതിരിക്കാനും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാനുമാണ് നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
എവിടെയൊക്കെയാണ് ചിത്രീകരണ വിലക്ക്?
പുതിയ നിയമപ്രകാരം യാത്രക്കാരും സന്ദർശകരും താഴെ പറയുന്ന ഇടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ വീഡിയോയോ ഫോട്ടോയോ എടുക്കാൻ പാടുള്ളതല്ല:
-
സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ
-
ബോർഡിങ് ഗേറ്റുകൾ
-
റൺവേ ബസുകൾ
-
ഏപ്രൺ
-
എയർക്രാഫ്റ്റ് ഹാൻഡ്‌ലിങ് സോണുകൾ
-
മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ
നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴ ചുമത്തും. ഗുരുതരമായ നിയമലംഘനമാണെങ്കിൽ യാത്രക്കാരുടെ പേര് ഡി.ജി.സി.എയുടെ നോ-ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യും. ഇതോടെ കുറ്റത്തിന്റെ തീവ്രത അനുസരിച്ച് താൽക്കാലികമായോ സ്ഥിരമായോ വിമാനയാത്ര വിലക്ക് നേരിടേണ്ടി വരും. അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ, ക്യാമറകൾ എന്നിവ കണ്ടുകെട്ടാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
യാത്രയ്ക്കിടയിൽ സോഷ്യൽ മീഡിയ കണ്ടന്റുകൾ നിർമ്മിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. പലപ്പോഴും യാത്രക്കാർ അറിവില്ലായ്മ കൊണ്ട് പങ്കുവെക്കുന്ന വീഡിയോകളിൽ വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ജീവനക്കാരുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ എന്നിവ ദൃശ്യമാകാറുണ്ട്. ഇത് വിമാനത്താവളങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് പൂർണ അധികാരം
നിയമലംഘകർക്കെതിരെ ഉടനടി നടപടിയെടുക്കാൻ സുരക്ഷാ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. ചെറിയ നിയമലംഘനമാണെങ്കിൽ എടുത്ത ദൃശ്യങ്ങൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യിക്കും. എന്നാൽ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കും ഗുരുതരമായ സുരക്ഷാ ദൃശ്യങ്ങൾ പകർത്തുന്നതിനും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. യാത്രക്കാർ വിമാനത്താവളങ്ങളിലെ പൊതുയിടങ്ങളിൽ വെച്ച് ഫോട്ടോ എടുക്കുമ്പോഴും അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് ഡി.ജി.സി.എ അറിയിച്ചു.
പരസ്യ-സിനിമ ചിത്രീകരണങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം
പരസ്യങ്ങൾ, സിനിമകൾ, ഡോക്യുമെന്ററികൾ അല്ലെങ്കിൽ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉള്ളടക്കം ചിത്രീകരിക്കുന്ന വ്യക്തികളും സംഘടനകളും എയർപോർട്ട് മാനേജ്‌മെന്റിൽ നിന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളിൽ നിന്നും ഔദ്യോഗികമായി മുൻകൂർ അനുമതി വാങ്ങിയിരിക്കണം. മതിയായ രേഖകളില്ലാതെ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: The Directorate General of Civil Aviation (DGCA) has imposed a strict ban on filming social media reels and vlogs in high-security airport areas, warning violators of heavy fines and potential flight bans.
Published: 01 Jun 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented