സ്റ്റാൻഡ് അപ്പ് കോമഡി താനും ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

സാമൂഹികമാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച '370 രൂപയുടെ ബിരിയാണി' വിവാദത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സ്റ്റാൻഡ് അപ്പ് കോമഡികൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ തുടരാമെങ്കിലും അതിരുകൾ ലംഘിച്ചാൽ അത് മറ്റുള്ളവരുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദ പരാമർശം നടത്തിയ യുവാവിനെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഒരുദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'ഇന്ത്യയുടെ ഭരണഘടന എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുതരുന്നുണ്ട്. അതേസമയം തന്നെ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നില്ല എന്നും അത് ഉറപ്പാക്കുന്നുണ്ട്. ആവിഷ്‌കാരം അനിയന്ത്രിതമാകുമ്പോൾ അത് സമൂഹത്തിലെ വ്യക്തികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നു.' -ഫഡ്‌നാവിസ് പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സ്റ്റാൻഡ് അപ്പ് കോമഡി ഒരു ജനകീയമായ വിനോദോപാധിയാണ്. വ്യക്തിപരമായി താനും അത് ആസ്വദിക്കാറുണ്ട്. എന്നാൽ ആ ഹാസ്യം സാമൂഹികമായ അതിരുകൾ ലംഘിക്കാനോ മാന്യതയുടെ അടിസ്ഥാന മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനോ പാടില്ല. അത് ജനങ്ങളോടുള്ള അനീതിയാണ്. അതുകൊണ്ട് മനുഷ്യരുടെ അന്തസ്സിന് പ്രാധാന്യം നൽകി വേണം സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിക്കാൻ -മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
'370 രൂപയുടെ ബിരിയാണി' വിവാദം
ഡേറ്റിങ്ങിന് പോയപ്പോൾ പെൺകുട്ടിക്ക് 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും പകരമായി ലൈംഗികതയാണ് താൻ പ്രതീക്ഷിച്ചതുമെന്ന് യുവാവ് പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെയായിരുന്നു 23-കാരനായ ഹിമാൻഷു ജാഗ്ര ഇക്കാര്യം പറഞ്ഞത്. വിവാദപരാമർശത്തെ തുടർന്ന് സ്റ്റാർവിക് ഡിസൈൻസ് എന്ന സ്ഥാപനം ഹിമാൻഷുവിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ ഇയാൾക്ക് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയക്കുകയും മഹാരാഷ്ട്ര സൈബർ പോലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പെൺകുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ട് പോലും നിർബന്ധിച്ച് അടുത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി. ചെലവാക്കിയ പണം പരമാവധി മുതലാക്കണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു ഇത്. ഇരുട്ട് നിറഞ്ഞ പാർക്കിൽ വെച്ച് അവളുടെ എതിർപ്പ് അവഗണിച്ച് ബലമായി ചുംബിച്ചു. കൂടാതെ അവളുടെ വസ്ത്രത്തിനുള്ളിലേക്ക് കൈ കടത്തിയെന്നും ഹിമാൻഷു തുറന്ന് പറഞ്ഞു. ഹിമാൻഷു പറഞ്ഞത് കേട്ട് സദസ്സിൽ നിന്ന് പൊട്ടിച്ചിരിയും കൈയടിയും ഉയരുകയും ചെയ്തിരുന്നു.
പെൺകുട്ടി വീട്ടിൽ വിടാനായി ആവശ്യപ്പെട്ടപ്പോൾ അവളെ വീട്ടിലാക്കി കൊടുത്തു. വീട്ടിലെത്തിയപ്പോൾ തന്റെ ഉദ്ദേശം പെൺകുട്ടിയോട് തുറന്നുപറഞ്ഞു. '370 രൂപ ഞാൻ ചെലവാക്കി. അത് ഞാൻ മുതലാക്കും എന്ന് ഞാൻ അവളോട് പറഞ്ഞു' എന്നാണ് ഷോയിൽ ഹിമാൻഷു ജാഗ്ര പറഞ്ഞത്. യഥാർഥത്തിൽ ഈ ഭാഗമാണ് ആദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിമർശനമുയരുകയും ചെയ്തത്.
Content Highlights: Maharashtra Chief Minister Devendra Fadnavis stated at a press conference that while the Constitution guarantees freedom of speech, stand-up comedy must respect social boundaries and human dignity without compromising baseline decency.
Published: 12 Jun 2026, 10:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented