മുംബൈ: പുലർച്ചെയുള്ള ഫ്ലൈറ്റ് പിടിക്കാൻ അലാറം അടിച്ചില്ലെങ്കിലോ? മുംബൈ സ്വദേശിയായ ഋഷഭ് അഗർവാൾ എന്ന യുവാവ് ഇതിനായി കണ്ടെത്തിയത് ബുദ്ധിപരമായ പരിഹാരമാണ്. അലാറത്തിന് പകരം ഒരു പാക്കറ്റ് സാധനം ഓർഡർ ചെയ്ത് ഡെലിവറി ബോയിയെക്കൊണ്ട് ബെല്ലടിപ്പിച്ച് തന്റെ സഹോദരിയെ ഉറക്കത്തിൽനിന്ന് ഉണർത്തിച്ചു. ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായ ഋഷഭ് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഡെലിവറി ആപ്പുകളുടെ പുതിയ സാധ്യതകളിലേക്ക് വഴിതെളിച്ചിരിക്കുകയാണ്.

To advertise here,

ഋഷഭ് അഗർവാളിന്റെ സഹോദരിക്ക് പുലർച്ചെ ആറ് മണിക്കായിരുന്നു വിമാനം. മൂന്ന് മണിക്ക് വിളിച്ചുണർത്താൻ അമ്മയെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ കൃത്യസമയത്ത് അമ്മയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. സഹോദരി താമസിക്കുന്ന സ്ഥലത്തേക്ക് പോകാൻ ചുരുങ്ങിയത് 40 മിനിറ്റ് വേണം. ഈ സാഹചര്യത്തിലാണ് ഋഷഭ് സെപ്റ്റോയിൽ ഓർഡർ നൽകിയത്.

പുലർച്ചെ 3:20-ന് ഓർഡർ നൽകിയ ഉടൻ ഡെലിവറി പാർട്ണറായ വികാസ് ശർമ്മയെ ഋഷഭ് ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. സാഹചര്യം മനസ്സിലാക്കിയ വികാസ് ഉടൻതന്നെ അവിടെയെത്തുകയും ബെല്ലടിച്ച് സഹോദരിയെ ഉണർത്തുകയും ചെയ്തു. 3:30-ന് തന്നെ ഡെലിവറി പൂർത്തിയാക്കി സഹോദരി എഴുന്നേറ്റു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വികാസ് മടങ്ങിയത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സെപ്റ്റോയുടെ ഉന്നത ഉദ്യോഗസ്ഥരും പ്രതികരണവുമായെത്തി. "ഞങ്ങൾ അലാറം ക്ലോക്കുകൾ ഡെലിവറി ചെയ്തിട്ടുണ്ട്, പക്ഷേ ഞങ്ങൾതന്നെ ഒരു അലാറമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല" എന്നാണ് സെപ്റ്റോ ചീഫ് ബ്രാൻഡ് ഓഫീസർ ചന്ദൻ മെന്ദിരട്ട തമാശരൂപേണ കുറിച്ചത്. ഉപഭോക്താവിന്റെ പ്രതീക്ഷകൾക്കും അപ്പുറം പ്രവർത്തിച്ച ഡെലിവറി പാർട്ണർ വികാസിനെ സെപ്റ്റോ സി.ഒ.ഒ വികാസ് ശർമ്മ അഭിനന്ദിക്കുകയും ചെയ്തു.

സാധനങ്ങളുടെ വേഗത്തിലുള്ള ഡെലിവറി എന്നതിലുപരി, അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക് ആശ്രയിക്കാവുന്ന ഒരു 'ലൈഫ്‌ലൈൻ' ആയി ഇത്തരം സേവനങ്ങൾ മാറുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം.