കമ്പനി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2024-25 ല്‍ കമ്പനിയുടെ വിപണി ചെലവ് മുന്‍വര്‍ഷം 20 കോടി ആയിരുന്നതില്‍ നിന്ന് 4.4 കോടിയായി കുറഞ്ഞു.

നടി ദീപിക പദുക്കോണിന്റെ സ്കിന്‍ കെയര്‍ ബ്രാന്‍ഡായ 82°E വന്‍ സാമ്പത്തിക നഷ്ടത്തില്‍. കമ്പനിക്ക് ലാഭം കുറവാണെന്നും വന്‍ നഷ്ടം നേരിടുകയാണെന്നും കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നു. ലാഭം ഉറപ്പാക്കാന്‍ ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതായി കമ്പനി പറയുന്നുണ്ടെങ്കിലും നഷ്ടത്തില്‍ കുറവുണ്ടായതല്ലാതെ, ലാഭത്തിലേക്ക് തിരിച്ചുപോയിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
ഡിപികെഎ യൂണിവേഴ്സല്‍ കണ്‍സ്യൂമര്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ആണ് 82s°E. ദീപികയും പിതാവ് പ്രകാശ് പദുക്കോണുമാണ് ഡയറക്ടര്‍മാര്‍. സ്ഥാപനം അടുത്തിടെ കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നതനുസരിച്ച്, 2024-25 സാമ്പത്തികവര്‍ഷത്തില്‍ 12.26 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 2023-24 കാലഘട്ടത്തില്‍ വരുമാനം 21.21 കോടിയില്‍ നിന്ന് 30 ശതമാനം കുറഞ്ഞ് 2024-25 കാലയളവില്‍ 14.66 കോടിയിലെത്തിയെന്നും രേഖകളില്‍ പറയുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ നഷ്ടത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 23 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
ഇതേ തുടര്‍ന്ന് കമ്പനി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2024-25 ല്‍ കമ്പനിയുടെ വിപണി ചെലവ് മുന്‍വര്‍ഷം 20 കോടി ആയിരുന്നതില്‍ നിന്ന് 4.4 കോടിയായി കുറഞ്ഞു. 78 ശതമാനത്തിന്റെ വന്‍ കുറവാണുണ്ടായത്. മൊത്ത ചെലവ് 47 കോടിയില്‍ നിന്ന് 26 കോടിക്ക് താഴെയായി കുറഞ്ഞു.
2021 ലാണ് ദീപിക 82°E എന്ന ആഡംബര സ്കിന്‍കെയര്‍ ബ്രാന്‍ഡിന് തുടക്കമിട്ടത്. 2500 രൂപയ്ക്ക് മുകളില്‍ വിലയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. ശക്തമായ മാര്‍ക്കറ്റിങ് ശ്രമങ്ങളും സോഷ്യല്‍മീഡിയ വഴിയുള്ള ദീപികയുടെ പ്രചാരണങ്ങളും ഉണ്ടായിട്ടും തുടക്കംമുതല്‍ തന്നെ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. അതേസമയം ബോളിവുഡ് നടിയായ കത്രീന കൈഫ് 2019 ല്‍ ആരംഭിച്ച കേയ് ബ്യൂട്ടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്‍ ലാഭത്തിലാണ് മുന്നോട്ട് പോവുന്നത്.
ഷാരൂഖ് ഖാന്റെ കിങ് എന്ന ചിത്രമാണ് ദീപികയുടെ അടുത്ത ചിത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയ്ക്കൊപ്പം സുഹാന ഖാനും എത്തുന്നുണ്ട്. ഏപ്രില്‍ 26നാണ് റിലീസ്. ശേഷം ആറ്റ്ലിയുടെ സംവിധാനത്തില്‍ അല്ലു അര്ജുന് നായകനാവുന്ന ചിത്രത്തിലും ദീപികയെത്തും. ഈ ചിത്രത്തിന്റെ പേരോ പുറത്തിറക്കുന്ന തീയ്യതിയോ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Explore the significant financial losses faced by Deepika Padukone`s skincare brand, 82°E. Discover the company`s challenges and recent financial performance.
Published: 26 Nov 2025, 09:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented