താൻ അണ്ഡം ശീതികരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ എപ്പോൾ വേണമെങ്കിലും തനിക്ക് അമ്മയാകാൻ കഴിയുമെന്നും നടിയും നർത്തകിയുമായ ഡെയ്‌സി ഷാ. ഒരു കുടുംബമുണ്ടാക്കാൻ വിവാഹം കഴിക്കണമെന്ന് താൻ കരുതുന്നില്ലെന്നും വിവാഹിതയാകാതെ അമ്മയാകാൻ താൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

To advertise here,

'വിവാഹത്തെക്കുറിച്ച് ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ഒരു കുടുംബം കെട്ടിപ്പടുക്കാൻ വിവാഹം കഴിക്കണം എന്ന് ഞാൻ കരുതുന്നില്ല'-ഡെയ്‌സി വ്യക്തമാക്കി. 'ഞാൻ എന്റെ അണ്ഡം ശീതികരിച്ച് സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ എപ്പോൾ വേണമെങ്കിലും അമ്മയാകാൻ എനിക്ക് കഴിയും. എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെ ലഭിക്കും. ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് ലഭിച്ചു. ഒരു വീട് സ്വന്തമാക്കുന്നത് ഞാൻ സ്വപ്നം കണ്ടു. അത് ഞാൻ നേടി. എന്റെ കുടുംബത്തിന് മികച്ച ജീവിതം നൽകാൻ ഞാൻ ആഗ്രഹിച്ചു. അതും സഫലമായി.'-ഫിലിം ഗ്യാന് നൽകിയ അഭിമുഖത്തിൽ ഡെയ്‌സി പറയുന്നു.

നേരത്തെ ടോക്‌സിക് റിലേഷൻഷിപ്പിനെ കുറിച്ച് അവർ തുറന്നുപറഞ്ഞിരുന്നു. സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്ന് ആ പങ്കാളി തന്നെ വിലക്കിയെന്നും അതോടെ ആ ബന്ധം ഉപേക്ഷിച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു. ഒരു പുരുഷൻ തന്റെ ചെലവുകൾ വഹിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.

സൽമാൻ ഖാന്റെ തേരേ നാം എന്ന ചിത്രത്തിലെ 'ലഗൻ ലഗി' എന്ന ഗാനരംഗത്തിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് ഡെയ്‌സി വെള്ളിത്തിരയിലെത്തിയത്. 2014-ൽ ആക്ഷൻ സിനിമ ‘ജയ് ഹോ’യിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു. 2018-ൽ റോമിയോ ഡിസൂസയുടെ ആക്ഷൻ ത്രില്ലറായ ‘റേസ് 3’-യിലും അവർ അഭിനയിച്ചു. 2024-ൽ ‘റെഡ് റൂം’ എന്ന വെബ് സീരീസിന്റേയും ഭാഗമായി.