പാകിസ്താനിലെ ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തോട് വിശദീകരിച്ച രണ്ട് വനിതാ സൈനികോദ്യോഗസ്ഥരില്‍ ഒരാളാണ് കരസേനയിലെ കേണലായ സോഫിയാ ഖുറേഷി. രാജ്യത്തിന്റെ അഭിമാനമായി മാറിയ സോഫിയാ ഖുറേഷി തന്റെ കുടുംബത്തിന്റെ ചരിത്രം പങ്കുവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗാ കരോര്‍പതി എന്ന ടെലിവിഷന്‍ ഷോയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ പൂര്‍വികര്‍ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന റാണി ലക്ഷ്മിബായിക്കുവേണ്ടി പോരാടിയവരാണെന്ന് കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു. 'എന്റെ കുടുംബത്തിലെ എല്ലാവരും സൈനികരായിരുന്നു. എന്റെ മുതുമുത്തശ്ശിയുടെ പൂര്‍വികര്‍ റാണി ലക്ഷ്മിബായിക്കൊപ്പമായിരുന്നു. താരാട്ടുപാട്ട് കേട്ടല്ല ഞാന്‍ വളര്‍ന്നത്. മറിച്ച് പോരാട്ടവീര്യത്തിന്റെ കഥകളും ധൈര്യം എന്നതിന്റെ അര്‍ഥം വിശദീകരിക്കുന്ന സംഭാഷണങ്ങളുമാണ് ഞാന്‍ കേട്ടത്.' -കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു.
സാധാരണ പട്ടാളക്കാര്‍ മുതല്‍ ഓഫീസര്‍മാര്‍ വരെ എല്ലാവര്‍ക്കും സൈന്യത്തില്‍ എല്ലാവര്‍ക്കും ഒരേ പരിശീലനമാണ് നല്‍കുന്നത്. ജെന്‍ഡര്‍ ന്യൂട്രലായ സേനയാണ് ഇന്ത്യന്‍ സൈന്യമെന്നും കേണല്‍ സോഫിയാ ഖുറേഷി കോന്‍ ബനേഗാ കരോര്‍പതിയില്‍ അമിതാഭ് ബച്ചനോടായി പറഞ്ഞു.
സോഫിയാ ഖുറേഷിയുടെ സഹോദരി ഷൈന സുന്‍സരയും തങ്ങളുടെ കുടുംബത്തെ കുറിച്ച് നേരത്തേ പറഞ്ഞിട്ടുണ്ട്. 'ഞങ്ങളുടെ പിതാവ് 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവും സൈന്യത്തിലുണ്ടായിരുന്നു. അമ്മാവന്‍ ബിഎസ്എഫിലായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന മുത്തച്ഛന്റെ മുത്തച്ഛന്‍ പിന്നീട് അതുപേക്ഷിച്ച് സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കെടുത്തു. 1857-ല്‍ ഝാന്‍സി റാണി നയിച്ച യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തതിന്റെ കഥകള്‍ മുത്തശ്ശി ഞങ്ങളോട് പറയുമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ സോഫിയയും ഝാന്‍സി റാണിയെ പോലെയായിരുന്നു സംസാരിച്ചത്. ഝാന്‍സി റാണി അവളുടെ പ്രചോദനമാണ്.' -ഹിന്ദുസ്ഥാന്‍ ടൈംസിനോടായി ഷൈന പറഞ്ഞു.
ഗുജറാത്തിലെ വഡോദരയിലെ സൈനിക കുടുംബത്തില്‍ നിന്നുള്ള സോഫിയാ ഖുറേഷി 1974-ലാണ് ജനിച്ചത്. മഹാരാജാ സയാജിറാവു സര്‍വകലാശാലയില്‍ നിന്ന് 1997-ല്‍ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് സോഫിയ. നിലവില്‍ സൈന്യത്തിലെ മെക്കനൈസ്ഡ് ഇന്റഫന്‍ട്രിയിലാണ് കേണല്‍ സേവനമനുഷ്ടിക്കുന്നത്. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ പരാക്രമില്‍ പങ്കെടുത്തയാളാണ് കേണല്‍ സോഫിയാ ഖുറേഷി.
Content Highlights: ‘Fought for Jhansi Rani’: Colonel Sofiya Qureshi on her family history at KBC
Published: 15 Aug 2025, 09:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented